ശ്രീജേഷിനെപ്പോലുള്ള താരങ്ങൾ എല്ലാ കായികമേഖലയിലും ഉണ്ടാകണം: മുഖ്യമന്ത്രി
Wednesday, October 30, 2024 10:29 PM IST
തിരുവനന്തപുരം: പി.ആർ. ശ്രീജേഷിനെപ്പോലുള്ള കായികതാരങ്ങൾ കേരളത്തിലെ എല്ലാ കായികരംഗത്തും വളർന്നു വരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഒളിന്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗമായ ശ്രീജേഷിന് സംസ്ഥാന സർക്കാർ നല്കിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാന സർക്കാരിന്റെ പാരിതോഷികമായ രണ്ടു കോടി രൂപയുടെ ചെക്കും മുഖ്യമന്ത്രി ശ്രീജേഷിന് കൈമാറി.
വലിയ സ്വപ്നങ്ങൾ കണ്ട് ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഓരോരുത്തരും പരിശ്രമിക്കണമെന്നു മറുപടി പ്രസംഗത്തിൽ ശ്രീജേഷ് പറഞ്ഞു. 2000-ൽ ജി.വി. രാജാ സ്കൂളിലേക്ക് വന്നത് 10 -ാം ക്ലാസിൽ സ്പോർട്സ് ക്വാട്ടയിൽ ലഭിക്കുന്ന 60 മാർക്ക് ഗ്രേസ് മാർക്ക് എന്ന സ്വപ്നവുമായാണ്.
ഗ്രേസ് മാർക്ക് സ്വപ്നം കണ്ട തനിക്ക് ഒളിന്പിക്സ് മെഡൽ നേട്ടം വരെ സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിൽ പുത്തൻ തലമുറയ്ക്ക് ഒളിന്പിക്സിൽ ഉൾപ്പെടെ കൂടുതൽ മെഡൽ നേടാൻ കഴിയും.
പൊട്ടിക്കീറിയ സ്പൈക്സുമായി പരിശീലനം നടത്തിയ കാലത്തെക്കുറിച്ചും ശ്രീജേഷ് പരാമർശം നടത്തി. കായിക മേഖലയ്ക്ക് സംസ്ഥാന സർക്കാർ പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും അതിന്റെ ഉദാഹരണമാണ് തനിക്ക് നല്കിയ സ്വീകരണമെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു.