പ്രഫ. മാമ്പുഴ കുമാരന് അന്തരിച്ചു
Wednesday, October 30, 2024 10:59 PM IST
ഇരിങ്ങാലക്കുട: പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന പ്രഫ. മാമ്പുഴ കുമാരന് (91) അന്തരിച്ചു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം കിഴക്കേനട എംജി റോഡില്‍ വരദ വീട്ടിലായിരുന്നു താമസം. സംസ്കാരം ഇന്നുരാവിലെ 11 ന് വസതിയില്‍.
2021 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 1961 മുതല്‍ 1988 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മലയാളവിഭാഗം മേധാവിയായിരുന്നു. പാലക്കാട് വിക്ടോറിയ കോളജിലും സേവനമനുഷ്ഠിച്ചു.
ആലപ്പുഴ പെരുമ്പള്ളം കരയില്‍ എസ്. കുഞ്ഞികൃഷ്ണന്നായരുടെയും എറണാകുളം ദേശത്ത് കിഴക്കേതയ്യില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. 1993 ല്‍ മോലിയേയില്നിന്ന് ഇബ്സനിലേക്ക് എന്ന കൃതിക്ക് എന്‍. കൃഷ്ണ പിള്ള ഫൗണ്ടേഷന്റെ പുരസ്കാരം നേടി.
സര്‍ഗദര്‍ശനം, അനുമാനം, വാക്കും പൊരുളും, ഉള്‍ക്കാഴ്ചകള്‍, സംസ്കാരത്തിന്റെ അടയാളങ്ങള്‍, നാടകദര്‍ശനം, 2024 ല്‍ പ്രസിദ്ധീകരിച്ച സ്മൃതിമുദ്രകള്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. നല്ലൊരു പ്രഭാഷകന്‍ എന്ന നിലയിലും പേരെടുത്തിരുന്നു.
ചാലക്കുടി ഗവ. ഹൈസ്കൂള്‍ പ്രധാന അധ്യാപികയായിരുന്ന പരേതയായ പി.വി. രുക്മിണിയാണ് ഭാര്യ. മക്കള്‍: മിനി (റിട്ട. അധ്യാപിക, വിഎച്ച്എസ്എസ് കാറളം), ജയകുമാര്‍ (ബിസിനസ് ലൈന്‍ മാനേജര്‍, ഫ്യുഗ്രോ കമ്പനി, മുംബൈ), അഡ്വ. ഗോപകുമാര്‍ (ഇരിങ്ങാലക്കുട). മരുമക്കള്‍: അഡ്വ. ശശികുമാര്‍, സ്മിത (മുംബൈ), സ്മിത (അധ്യാപിക, ശാന്തിനികേതന്‍ സ്കൂള്‍).