എഡിഎമ്മിന്റെ മരണം: മുൻകൂർ ജാമ്യാപേക്ഷ തള്ളി; ദിവ്യ ജയിലിൽ
Wednesday, October 30, 2024 1:56 AM IST
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ (40) അറസ്റ്റിൽ.
തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണു ദിവ്യയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം രാത്രി തളിപ്പറന്പ് മജിസ്ട്രേറ്റ് മുന്പാകെ ഹാജരാക്കിയ ദിവ്യയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്നലെ ഉച്ചയോടെ ഇരിണാവിലെ വീട്ടിൽനിന്ന് പാർട്ടി പ്രവർത്തകരോടൊപ്പം കണ്ണപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ പോകുന്ന വഴിയാണ് പ്രത്യേക അന്വേഷണസംഘത്തിലെ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ദിവ്യയെ ഉച്ചകഴിഞ്ഞ് 3.17ന് ജില്ലാ പോലീസ് കമ്മീഷണർക്കു കീഴിലുള്ള കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ചു. രണ്ടു മണിക്കൂറോളം പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വൈകുന്നേരം ആറോടെ ദിവ്യയെ കനത്ത സുരക്ഷയിൽ വൈദ്യപരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ക്രൈംബ്രാഞ്ച് ഓഫീസ് കവാടത്തിനു മുന്നിൽ കെഎസ്യു, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി ഉയർത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉണ്ടായി.
ജില്ലാ ആശുപത്രിയിലെത്തിച്ച ദിവ്യയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം 6.30ഓടെ തളിപ്പറന്പ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനായി കൊണ്ടുപോയി. മാധ്യമപ്രവർത്തകരുടെയും ജനങ്ങളുടെയും കണ്ണുവെട്ടിച്ച് ജില്ലാ ആശുപത്രിയുടെ പ്രധാന പ്രവേശന കവാടം ഒഴിവാക്കി പിൻവശത്തുകൂടെയാണ് ദിവ്യയെ ആശുപത്രിക്കുള്ളിലേക്കു കയറ്റിയത്. 20 മിനിറ്റിലേറെ ജില്ലാ ആശുപത്രിയിൽ ചെലവഴിച്ചശേഷം മുൻവശത്തെ പ്രവേശനകവാടത്തിലൂടെയാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത്.
എഡിഎം നവീൻ ബാബു മരിച്ച് 15-ാം ദിവസമാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15ന് രാവിലെയാണ് പത്തനംതിട്ട മലയാലപ്പുഴ താഴം കാരുവള്ളിയിൽ എഡിഎം നവീൻ ബാബുവിനെ (55) പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.