അകത്തും പുറത്തും പ്രതിഷേധം
Tuesday, October 29, 2024 1:44 AM IST
കണ്ണൂര്: എഡിഎം നവീന് ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ സംഘടനകളുടെ സമരങ്ങൾ കെട്ടടങ്ങുന്നില്ല.
രണ്ടാഴ്ചയായി കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, കമ്മീഷണർ ഓഫീസ്, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സമരപരിപാടികൾ നടക്കുകയാണ്.
ഇന്നലെ ബിജെപിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്കു നടന്ന മാർച്ചിൽ വൻ സംഘർഷമാണുണ്ടായത്. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു.
കളക്ടറേറ്റിനു മുന്നിൽ വനിതാ ലീഗും പ്രതിഷേധ സമരം നടത്തി. സമരപരിപാടികൾ ഇന്നും തുടരും. ഇന്നു രാവിലെ 11 യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും. ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷവും കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും ദിവ്യക്കെതിരേ പ്രമേയവുമായി രംഗത്തുവന്നു.