ജപ്തിയിലായ സന്ധ്യക്കും മക്കൾക്കും കൈത്താങ്ങായി ലുലു ഗ്രൂപ്പ്
Tuesday, October 15, 2024 1:29 AM IST
പറവൂർ: വീട് ജപ്തി നേരിട്ട സന്ധ്യയുടെയും കുടുംബത്തിന്റെയും കടബാധ്യത ലുലു ഗ്രൂപ്പ് ഏറ്റെടുത്തു.
സ്വകാര്യ പണമിടപാട് സ്ഥാപനം ആകെയുള്ള വീട് ജപ്തി ചെയ്തതോടെ പന്ത്രണ്ടും ഏഴും വയസുള്ള കുട്ടികളുമായി എവിടേക്ക് പോകുമെന്ന് അറിയാതെ വീടിന് പുറത്ത് ഇരുന്നു കരയുന്ന വടക്കേക്കര മടപ്ലാതുരുത്ത് കണ്ണേഴത്ത് വീട്ടിൽ സന്ധ്യയുടെ മുഖം മാധ്യമങ്ങളിൽ കണ്ടാണ് ലുലു ഗ്രൂപ്പ് കടബാധ്യത ഏറ്റെടുത്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ അടയ്ക്കേണ്ട 8.25 ലക്ഷം രൂപ ഇന്നലെ രാത്രിയോടെ ലുലു അധികൃതർ സന്ധ്യയുടെ വീട്ടിൽ എത്തിച്ചു നൽകി. രാത്രിയോടെ തന്നെ ഇവർക്കായി വീടും തുറന്നു കൊടുത്തു. വീട്ടാവശ്യങ്ങൾക്കായി 10 ലക്ഷം രൂപയും കൈമാറി.
ഇന്നലെ പകൽ സമയത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം അധികൃതർ സന്ധ്യയുടെ വീട്ടിലെത്തി താഴ് പൊളിച്ച് മറ്റൊരു താഴിട്ട് പൂട്ടുകയായിരുന്നു. ഇന്നലെ ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പുണ്ടായിരുന്നില്ല. സന്ധ്യ പറവൂരിലെ തുണിക്കടയിൽ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു ജപ്തി നടപടി. കുട്ടികൾ സ്കൂളിലുമായിരുന്നു.
സംഭവം അറിഞ്ഞ് സ്കൂളിൽ നിന്നു കുട്ടികളെയും കൂട്ടി സന്ധ്യ വീട്ടിലെത്തി. സന്ധ്യയുടെയും മക്കളുടെയും വസ്ത്രങ്ങളും കുട്ടികളുടെ മരുന്നും മറ്റു വസ്തുക്കളും വീടിന്റെ അകത്തായിരുന്നു. വീട് തുറന്ന് അവ എടുക്കാൻ പോലും സാധിച്ചില്ല. പോകാൻ മറ്റൊരിടമില്ലാത്തതിനാൽ രാത്രി വരെ വീടിനു പുറത്തു തന്നെ ഇരുന്നു.
രണ്ടു വർഷം മുന്പ് ഭർത്താവ് സന്ധ്യയെയും മക്കളെയും ഉപേക്ഷിച്ചു പോയതോടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഇവർ. മടപ്ലാതുരുത്തിൽ ഭർത്താവിന്റെ പേരിലുള്ള 4.8 സെന്റിൽ ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കാനാണ് 2019ൽ, ഭർത്താവ് ഒപ്പമുള്ള സമയത്ത് ഇരുവരും ചേർന്ന് നാലു ലക്ഷം രൂപ വായ്പയെടുത്തത്. വർക്ക്ഷോപ്പ് നടത്തിയിരുന്ന ഭർത്താവ് ആദ്യത്തെ രണ്ടു വർഷം പണം തിരിച്ചടച്ചു.
2021ൽ ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ തിരിച്ചടവ് പ്രതിസന്ധിയിലായി. പറവൂരിലെ തുണിക്കടയിൽ ജോലിക്കു പോയാണ് സന്ധ്യ വീട്ടിലെ ആവശ്യങ്ങളും മക്കളായ ശ്രേയസിന്റെയും ശ്രേയയുടെയും പഠനവും നടത്തുന്നത്.
വായ്പ എത്രയും വേഗം തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കിൽ ജപ്തി ഉണ്ടാകുമെന്നും ധനകാര്യ സ്ഥാപനം മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പണം തിരിച്ചടയ്ക്കാനുള്ള വരുമാനമോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. സ്ഥലത്തിന്റെ ആധാരം ഭർത്താവിന്റെ പേരിലും വായ്പ സന്ധ്യയുടെ പേരിലുമാണ്.