എആര്‍എം വ്യാജ പതിപ്പ്: പ്രതികള്‍ക്ക് മാസശമ്പളം 44,000 രൂപ
Monday, October 14, 2024 5:43 AM IST
കൊച്ചി: എആര്‍എം സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ തമിഴ്നാട് സ്വദേശികള്‍ക്കു വ്യാജ സിനിമകള്‍ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് സംഘത്തില്‍നിന്ന് മാസ ശമ്പളമായി ലഭിച്ചിരുന്നത് 44,000 രൂപ. ഇതിനു പുറമേ വ്യാജമായി ചിത്രീകരിക്കുന്ന ഒരോ സിനിമകള്‍ക്കും 10,000 രൂപ വീതം ഇവര്‍ക്കു ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.
ഉന്നത ബിരുദധാരികളായ പ്രതികള്‍ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. ബിടെക്, ബിഎസ്സി ഐടി ബിരുദം പൂര്‍ത്തിയാക്കിയ ഇവര്‍ സഹപാഠികളായിരുന്നു. തമിഴ്നാട് സത്യമംഗലം സ്വദേശി വഴിയാണു പ്രതികള്‍ ഈ മേഖലയിലേക്ക് എത്തിയത്. കേസിനു പിന്നാലെ സത്യമംഗലം സ്വദേശി ഒളിവില്‍പ്പോയി. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു വൻതോതില്‍ പണം എത്തിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്. ഇതു പൂര്‍ത്തിയായ ശേഷം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേരളത്തിനു പുറത്ത് മലയാളം ചിത്രങ്ങള്‍ക്ക് കാഴ്ചക്കാര്‍ കുറവുള്ളതിനാല്‍ തിയറ്ററിനുള്ളില്‍ കാര്യമായ പരിശോധനകള്‍ നടത്താറില്ല. ഇത് മുതലെടുത്തായിരുന്നു പ്രതികള്‍ ചിത്രം പകര്‍ത്തി വന്നിരുന്നത്. ഇതുവരെ 35ഓളം റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് പ്രതികളുടെ മൊബൈലില്‍നിന്നു കണ്ടെത്തി.