അന്തരിച്ച നടൻ ടി.പി. മാധവന് കലാലോകത്തിന്റെ അന്ത്യാഞ്ജലി
Friday, October 11, 2024 3:01 AM IST
തിരുവനന്തപുരം: അന്തരിച്ച നടൻ ടി.പി. മാധവന് കലാലോകത്തിന്റെ അന്ത്യാഞ്ജലി. ഏറെക്കാലം കാണാൻ കൊതിച്ച മകൻ രാജകൃഷ്ണമേനോനും മകൾ ദേവികയും അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ടി.പി. മാധവന്റെ മൃതദേഹം പൊതുദർശനത്തിനായി കൊണ്ടുവന്നപ്പോൾ തൈക്കാട് ഭാരത് ഭവനിലെത്തിയാണ് ബോളിവുഡ് സംവിധായകനായ രാജകൃഷ്ണ മേനോനും ദേവികയും അച്ഛന് അന്ത്യാഞ്ജലി അർപ്പിച്ചത്.
സുഹൃത്തുക്കളും സഹപ്രവർത്തകരും സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർനന്നാണ് പൊതുദർശനമൊരുക്കിയത്. പത്തനാപുരം ഗാന്ധിഭവനിൽനിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, കെ.ബി. ഗണേഷ്കുമാർ, ജെ. ചിഞ്ചുറാണി, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം എം. വിജയകുമാർ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുണ്‍, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, നടനും സംവിധായകനുമായി മധുപാൽ, പ്രമോദ് പയ്യന്നൂർ, സംവിധായകൻ തുളസീദാസ്, ബാബുരാജ്, ബൈജു, വിനു മോഹൻ, ശരത്, എം. മുകേഷ് എംഎൽഎ, ബി. ഉണ്ണികൃഷണൻ, ഭാഗ്യലക്ഷ്മി, ടിനി ടോം, ഷോബി തിലകൻ, ജയൻ ചേർത്തല, സിപിഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, പി. പ്രകാശ് ബാബു, പ്രഫ. അലിയാർ, നിഖില വിമൽ, കുക്കു പരമേശ്വരൻ, പി. ശ്രീകുമാർ, നിർമാതാക്കളായ കല്ലിയൂർ ശശി, ജി. സുരേഷ്കുമാർ തുടങ്ങിയവർ ഇവിടെയെത്തി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.
ടി.പി. മാധവന്റെ സഹോദരങ്ങളായ നാഗേന്ദ്ര നാഥ്, മല്ലിക, ഇന്ദിര തുടങ്ങിയവും പൊതുദർശന വേദിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടന്നു. മകൻ രാജകൃഷ്ണ മേനോനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.