സംസ്ഥാനത്തെ ഹൈടെക് മാനുഫാക്ചറിംഗ് ഹബ് ആക്കി മാറ്റും: മന്ത്രി പി. രാജീവ്
Friday, October 11, 2024 3:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈടെക് മാനുഫാക്ചറിംഗ് ഹബ് ആക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു വ്യവസായ മന്ത്രി പി. രാജീവ്.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാട് നടപ്പാക്കുന്ന സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് കെ.കെ. ശൈലജയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതിയാണിത്.
പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റിക്ക് 2024 ഓഗസ്റ്റ് 28ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. തുടർന്ന് എൻഐസിഡിസിയും കേരള സർക്കാരും തമ്മിലുള്ള ഏകോപനത്തിനായി ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചു.
നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് ആന്ഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും കേരള സർക്കാരും 50:50 ഇക്വിറ്റി പങ്കാളിത്തത്തോടെ കേരളാ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപറേഷൻ (കെഐസിഡിസി) എന്ന പേരിൽ സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിച്ചു. പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സ്ഥാപനമാണ് ഏകോപിപ്പിക്കുന്നത്.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി ഏർലി ബേർഡ് പ്രോജക്്ട് ആയി വിഭാവനം ചെയ്ത ഗ്ലോബൽ സിറ്റി പദ്ധതിക്കായി എറണാകുളം ജില്ലയിലെ അയ്യന്പുഴ വില്ലേജിൽ 358 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 840 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതിയും സർക്കാർ പുറപ്പെടുവിച്ചു.
വരും കാലത്തെ തൊഴിൽ മേഖലയ്ക്ക് അനുസരിച്ചും ഉത്പാദന രംഗത്തുള്ള മാറ്റങ്ങൾക്കനുസരിച്ചുമാണ് സംസ്ഥാനം വ്യവസായനയം തയാറാക്കിയത്. ഫാർമസൂട്ടിക്കൽസ് ഉൾപ്പെടെയുള്ള മേഖലകൾക്ക് കൂടുതൽ പരിഗണന നല്കും.
രാജ്യത്തെ ചെറിയ സംസ്ഥാനമായ കേരളമാണ് ആകെയുള്ള മെഡിക്കൽ ഡിവൈസ് ഇൻടസ്ട്രിയുടെ 24 ശതമാനവും സംഭാവന ചെയ്യുന്നത്. ഈ മേഖല കുറച്ചുകൂടി ശക്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.