ഗവർണർക്കുള്ള മറുപടി തടഞ്ഞ് മുഖ്യമന്ത്രി; ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരായില്ല
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാലക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാർശങ്ങളിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയ ഗവർണറുടെ നടപടി തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തത്തുടർന്നു ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബും ഗവർണർക്കു മുന്നിൽ ഹാജരായില്ല. ഇരുവരും ഇന്നലെ നാലു മണിക്കു നേരിട്ടെത്തി വിശദീകരണം നൽകണമെന്നു ഗവർണർ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ ഹാജരാകില്ലെന്നും മുഖ്യമന്ത്രി കത്തിലൂടെ ഗവർണറെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കത്തിനു ഗവർണർ മറുപടി നൽകും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പുറത്തു പറഞ്ഞ ആരോപണത്തിനു ഗവർണർ വിശദീകരണം തേടിയെങ്കിലും മറുപടി നൽകാതിരുന്ന സാഹചര്യത്തിലാണു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചത്.
ഫോണ് ചോർത്തൽ ആരോപണത്തിനടക്കം മുഖ്യമന്ത്രിയോടു ഗവർണർ വിശദീകരണം തേടിയെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബർ 10നു നൽകിയ കത്തിൽ വൈകാതെ വിശദീകരണം നൽകാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റം ചുമത്താൻ കഴിയുന്ന കള്ളക്കടത്ത്, ഹവാല ഇടപാടുകൾ സംസ്ഥാനത്തു നടന്നാൽ ഭരണഘടനയുടെ 167 (ബി) വകുപ്പ് അനുസരിച്ച് സംസ്ഥാനത്തിന്റെ തലവനായ ഗവർണറെ അറിയിക്കണമെന്നാണു ചട്ടമെന്നാണു പറയുന്നത്.
എന്നാൽ, ഗവർണറെ അറിയിക്കാതെ മുഖ്യമന്ത്രി പൊതുവേദിയിൽ പറഞ്ഞതിനെത്തുടർന്നാണ് ഗവർണർ വിശദീകരണം തേടിയത്. ഇന്നലെ വൈകുന്നേരം രാജ്ഭവനിലെത്തി മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചു വിശദീകരിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ നിർദേശിച്ചത്.