മുഖ്യമന്ത്രിയുടെ നിലപാട് അദ്ഭുതപ്പെടുത്തുന്നു; “വിവരങ്ങൾ തേടിയത് ഭരണഘടനയുടെ അനുച്ഛേദപ്രകാരം”: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: ഗവർണർ ആവശ്യപ്പെടുന്ന വിവരങ്ങൾ ഭരണഘടനയുടെ അനുച്ഛേദം 167പ്രകാരം നൽകേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നു സമ്മതിച്ചതിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി.
“ഞാൻ നൽകിയ കത്തുകൾക്കു മറുപടി നൽകാതിരുന്ന ശേഷം, ചീഫ്സെക്രട്ടറിയെ വിശദീകരണം നൽകുന്നതിൽനിന്നു തടഞ്ഞത് അദ്ഭുതപ്പെടുത്തുന്നു. വിവരങ്ങൾ തേടിയത് റൂൾസ് ഓഫ് ബിസിനസിനും ഭരണഘടനയുടെ 166(3), 167 അനുച്ഛേദങ്ങൾക്കും അനുസൃതമായാണ്.
എന്റെ കത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടെന്നു ചീഫ്സെക്രട്ടറിയോടു താങ്കൾ നിർദേശിച്ചതിനാൽ ഞാൻ നൽകിയ കത്ത് പുനഃപരിശോധിക്കണമെന്ന താങ്കളുടെ ആവശ്യം പ്രസക്തമല്ല. മലപ്പുറം പരാമർശം സംബന്ധിച്ച വിവരങ്ങൾ തേടിയപ്പോൾ, താങ്കളുടെ നിശബ്ദതയും ഉദാസീനതയും താങ്കൾക്ക് എന്തൊക്കെയോ ഒളിപ്പിക്കാനുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതും ഉപജാപകവുമാണ്.
ചീഫ്സെക്രട്ടറിക്കയച്ച കത്തിൽ, നേരത്തേ സർക്കാരുമായുള്ള കത്തിടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
ഹവാല, സ്വർണക്കടത്തിലൂടെയെത്തുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്നെന്ന ആരോപണം ഭരണഘടനാപരമായ മര്യാദയുടെയും ഭരണപരമായ സാധാരണ നടപടികളുടെയും പേരിൽ നിസാരമായി തള്ളിക്കളയാനാവുന്നതല്ല.
ചീഫ്സെക്രട്ടറിയിൽനിന്നg വിശദീകരണം തേടിയത് ഗവർണറുടെ ഭരണഘടനാ ചുമതല നിർവഹിച്ച്, കഴിഞ്ഞ മൂന്നുവർഷം നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് രാഷ്ട്രപതിക്കg റിപ്പോർട്ട് നൽകാനാണ്.
ഇക്കാര്യം താങ്കൾ പരസ്യമാക്കുകയും എനിക്ക് മനഃപൂർവം വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്തുവെന്നും മറുപടിയിൽ പറയുന്നു.