ഇടതുവിരുദ്ധത പടര്‍ത്താന്‍ ലീഗ് ശ്രമം: എ. വിജയരാഘവന്
Thursday, October 3, 2024 5:55 AM IST
മലപ്പുറം: മുസ്ലിം സമുദായത്തിനിടയില്‍ ഇടതുവിരുദ്ധത പടര്‍ത്താന്‍ മുസ്ലിം ലീഗ് ബോധപൂര്‍വം ശ്രമിക്കുന്നെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം വോട്ട് ബാങ്കാണ് ലീഗിന്റെ ലക്ഷ്യം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് ചെയ്യുന്നത്. ഇടതുപക്ഷത്തിന് മുസ്ലിംകളുടെ വലിയ പിന്തുണയുണ്ട്.
തെറ്റിദ്ധാരണ പരത്തി അത് ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. ഓരോ വിഷയത്തെയും വര്‍ഗീയ വീക്ഷണത്തോടെ കാണുന്നത് സമൂഹത്തിനു ഗുണം ചെയ്യില്ല. മുഖ്യമന്ത്രിയുടെ ജനസ്വീകാര്യത ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ജനങ്ങള്‍ നിരാകരിക്കും. അഭിമുഖത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചില മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷ വിരുദ്ധ താത്്പര്യമാണ്. മുസ്ലിം ലീഗിനു പതിച്ചുകൊടുത്ത സ്ഥലമല്ല മലപ്പുറമെന്നും വിജയരാഘവന് പറഞ്ഞു.