പോളശല്യത്തിനു പരിഹാരം തേടി പാനല്‍ ചര്‍ച്ച
Sunday, July 13, 2025 12:02 AM IST
കൊച്ചി: കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളിലെ പോളശല്യത്തിനു പരിഹാരം ആരായുന്നതിനായി ജെയിന് യൂണിവേഴ്സിറ്റിയില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ച നാളെ നടക്കും. ഫ്യൂച്ചര്‍ കേരള മിഷന് പദ്ധതിയുടെ ഭാഗമായാണു പരിപാടി.
കേരളത്തിലെ ജലാശയങ്ങളില്‍, പ്രത്യേകിച്ചു വേമ്പനാട്ടു കായലില്‍ പോളഭീഷണി അതിരൂക്ഷമാണ്. കായലിന്റെ 25 ശതമാനത്തിലധികം ഭാഗത്തും ആറടി വരെ കനത്തില്‍ പടര്‍ന്നിരിക്കുന്ന പോളപ്പായലുകള്‍ മത്സ്യബന്ധനം, ജലഗതാഗതം, കാർഷിക എന്നീ മേഖലകളെ ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മത്സ്യബന്ധന വലകളും ബോട്ട് എന്‍ജിനുകളും പോളശല്യത്താൽ നശിക്കുന്നതുമൂലം മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുഃസഹമാണ്.
2022-23 കാലയളവില്‍ മത്സ്യമേഖലയില്‍ മാത്രം രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടായതായാണു കണക്ക്. ഈ പശ്ചാത്തലത്തിലാണ് ജെയിന് സര്‍വകലാശാലയുടെ ഫ്യൂച്ചര്‍ കേരള മിഷനിലൂടെ ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാന് വേണു രാജാമണി പറഞ്ഞു.
ഫ്യൂച്ചര്‍ കേരള മിഷന് ചീഫ് ഫെസിലിറ്റേറ്റര്‍ ഡോ. ടോം ജോസഫ്, ഡോ. പി. ലക്ഷ്മീദേവി, ഡോ. സി.പി. രശ്മി, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, വ്യവസായ പ്രതിനിധികള്‍, ഗവേഷകര്‍, ജെയിന് യൂണിവേഴ്സിറ്റിയിലെ അധ്യാപകര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.