ലെവൽ ക്രോസുകളിൽ ഇനി സിസിടിവി
Sunday, July 13, 2025 1:11 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്തെ എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും അടിയന്തരമായി സിസിടിവി കാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനം. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ലവൽ ക്രോസിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് ഏതാനും വിദ്യാർഥികൾ മരിച്ച സാഹചര്യത്തിലാണ് റെയിൽവേ ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്.
ഇതനുസരിച്ച് കീപ്പർമാർ ഉള്ള എല്ലാ ലെവൽ ക്രോസ് ഗേറ്റുകളിലും സിസിടിവി സംവിധാനവും ആവശ്യമായ റെക്കോർഡിംഗ് സംവിധാനവും ഏർപ്പെടുത്തും. മാത്രമല്ല, സിസിടിവികൾ 24 മണിക്കൂറും തടസമില്ലാതെ പ്രവർത്തിക്കുന്നു എന്ന കാര്യവും ഉറപ്പാക്കും. സിസിടിവികൾ സ്ഥാപിക്കുന്നതിനായി ഗേറ്റുകളിൽ വൈദ്യുതി വിതരണം ലഭ്യമാക്കും.
ഏതെങ്കിലും സാഹചര്യത്തിൽ വൈദ്യുതി വിതരണം തടസപ്പെടുകയാണെങ്കിൽ അതൊഴിവാക്കാൻ സോളാർ പാനലുകൾ, ബാറ്ററി ബാക്കപ്പ്, യുപിഎസ് മുതലായവ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി വിതരണം ഗേറ്റുകളിൽ ഉറപ്പാക്കും.
എത്രയും വേഗം ഇവ പ്രവർത്തനസജ്ജമാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എല്ലാ സോണുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഇവ സ്ഥാപിച്ചുകഴിഞ്ഞാൽ ഗേറ്റുകളിൽനിന്നുള്ള വോയ്സ് റിക്കാർഡിംഗുകളുടെ റാൻഡം പരിശോധനകളും നടത്തും.
രണ്ട് ദിവസത്തിലൊരിക്കൽ ഈ പരിശോധന വേണമെന്നാണ് നിർദേശം. എല്ലാ ഗേറ്റുകളിലും വോയ്സ് റിക്കാർഡിംഗ് സിസ്റ്റം പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് ഡിവിഷണൽ റെയിൽവേ മാനേജർമാരുടെ ചുമതലയാണ്. ഇതു കൂടാതെ ഗേറ്റുകളിൽ മുന്നറിയപ്പ് ബോർഡുകൾ റെയിൽവേ നിഷ്കർഷിച്ചിട്ടുള്ള വലിപ്പത്തിൽ പ്രദർശിപ്പിക്കുകയും വേണം.
സംഘർഷസാധ്യതയുള്ള ഗേറ്റുകളുടെ പട്ടിക തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം ഗേറ്റുകളിൽ റെയിൽവേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥരെയോ ഹോം ഗാർഡുകളെയോ വിന്യസിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഗേറ്റുകളിൽ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനകളും ഇനിമുതൽ ഉണ്ടാകും.