വിദ്യാര്ഥികളെക്കൊണ്ട് പാദപൂജ; വിവാദം
Saturday, July 12, 2025 2:46 AM IST
ബന്തടുക്ക (കാസര്‍ഗോഡ്): വിരമിച്ച അധ്യാപകര്‍ക്കു വിദ്യാര്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം വിവാദമായി. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണു സംഭവം.
വ്യാഴാഴ്ച രാവിലെ വ്യാസജയന്തി ദിനത്തിന്റെ ഭാഗമായി ഗുരുപൂര്‍ണിമ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയത്തിന്റെ പരിധിയിലുള്ള വിരമിച്ച 30 അധ്യാപകര്‍ക്കാണു പാദപൂജ നടത്തിയത്.
നിലത്ത് മുട്ടുകുത്തിയിരിക്കുന്ന വിദ്യാര്‍ഥികളെ കസേരയിലിരിക്കുന്ന അധ്യാപകരുടെ കാലില്‍ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് കാല്‍തൊട്ട് വന്ദിപ്പിക്കുകയായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചതോടെ സംഭവം ഏറെ വിവാദമായി.