പാമ്പുകടിയേല്‍ക്കല്‍ ; കേന്ദ്ര നിര്‍ദേശത്തോടു മുഖം തിരിച്ച് ആരോഗ്യവകുപ്പ്
Sunday, July 13, 2025 2:46 AM IST
കോഴിക്കോട്: പാമ്പുകടിയേല്‍ക്കല്‍ നോട്ടിഫൈ ഡിസീസ് ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാതെ സംസ്ഥാന ആരോഗ്യ വകുപ്പ്. കേരളത്തില്‍ 2024-25ല്‍ 34 പേരാണ് പാമ്പുകടിയേറ്റ് മരണപ്പെട്ടത്.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെയായി ആറുപേര്‍ മരണപ്പെട്ടിട്ടുണ്ട്. എന്നിട്ടും സംസ്ഥാനം പദ്ധതിയോടു പുറംതിരിഞ്ഞുനില്ക്കുന്നതായാണ് ആക്ഷേപം. പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ ഇന്ത്യ ലോകത്ത് ഒന്നാമതാണ്. പ്രതിവര്‍ഷം 58,000ത്തിലേറെ ആളുകള്‍ രാജ്യത്ത് പാമ്പുകടിയേറ്റ് മരണപ്പെടുന്നു എന്നാണു കണക്കാക്കപ്പെടുന്നത്.
2030ഓടെ പാമ്പുകടി മരണങ്ങള് പകുതിയാക്കി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് നാപ്സ് (നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്ട്രോള് ഓഫ് സ്നേക്ക് ബൈറ്റ് എന്‍വെനോമിംഗ്). പാമ്പുകടിയേല്‍ക്കുന്നത് ഒരു ‘നോട്ടിഫയബിള്‍ ഡിസീസ്’ ആയി പ്രഖ്യാപിക്കുന്നതിനു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്കി 2024 നവംബര്‍ 27ന് കത്തയച്ചിരുന്നു. പാമ്പുവിഷബാധ തടയുന്നതിനും തന്മൂലമുള്ള അത്യാഹിതങ്ങള്‍ കുറയ്ക്കുന്നതിനുമായി ജോ. ഡയറക്ടര്‍ ഡോ. അജിത് ഷീവാലെയെ ദേശീയ നോഡല്‍ ഓഫീസറായി നിയമിച്ചു.
പാമ്പുകടി മരണങ്ങൾക്ക് അവശ്യശ്രദ്ധ കൊടുക്കുന്നതിലൂടെ പാമ്പുകടിയേൽക്കുന്നതിനുള്ള സാഹചര്യങ്ങൾ കുറയ്ക്കാനും രോഗികൾക്കു മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും സാധിക്കുമെന്നതാണു പ്രധാന ലക്ഷ്യമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചത്. പകർച്ചവ്യാധിക്ക് സമാനമായി വിവരശേഖരണം നടത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
പാമ്പുകടിയേറ്റുണ്ടാകുന്ന മരണങ്ങള് 2030ഓടെ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ കര്‍മപദ്ധതി തയാറാക്കി അംഗീകരിക്കുകയും ചെയ്തു. കേന്ദ്ര നിര്‍ദേശപ്രകാരം കര്‍ണാടകയും തമിഴ്നാടും പാമ്പുകടിയേല്‍ക്കല്‍ നോട്ടിഫയബിള്‍ ഡിസീസ് ആയി വിജ്ഞാപനം ചെയ്തു. കേരളം ഇനിയുമത് നോട്ടിഫൈ ചെയ്തിട്ടില്ല.
ഈവര്‍ഷം പരിസ്ഥിതിദിനത്തില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഹൈക്കോടതി പാമ്പുകടി ഒരു നോട്ടിഫയബിള്‍ ഡിസീസ് ആയി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ജഡ്ജിമാരായ നിതിന്‍ ജാംദര്‍, ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
സുപ്രീം കോടതിയും, പാമ്പുകടിയേറ്റുണ്ടാകുന്ന മരണങ്ങള് ഒഴിവാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും എല്ലാ സംസ്ഥാന സര്‍ക്കാരുകളും സജീവ നടപടികള്‍ സ്വീകരിക്കേണ്ടത് സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.