ഉന്നതവിജയികൾക്ക് ബ്രില്ല്യന്റിന്റെ ആദരം
Sunday, July 13, 2025 2:46 AM IST
പാലാ: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് 2025 പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ബ്രില്ല്യന്റ് മെഡിക്കൽ വിക്ടറി ഡേ ‘മെഡി കോൺക്വർ 2025’ൽ ആദരിച്ചു.
സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ ഡി.ബി. ദീപ്നിയ, രണ്ടാം റാങ്ക് നേടിയ കെ.പി. ഷെഫിൻ മൻസൂർ, മൂന്നാം റാങ്ക് നേടിയ സബീഹ ബായ് എന്നിവരെയും കീം പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ഹരികിഷൻ ബൈജുവിനെയും ഉന്നതവിജയം കരസ്ഥമാക്കിയ 2200ലധികം കുട്ടികളെയുമാണ് ആദരിച്ചത്.
അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, ബെന്നി ബഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, തൃശൂർ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ, കെഎസ്ഇആർസി ചെയർമാൻ ടി.കെ. ജോസ്, സിബിഎസ്ഇ സ്കൂൾ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, മലയാള മനോരമ മാർക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ, മുത്തോലി ഗ്രാമപഞ്ചായത്ത് മെംബർമാരായ രാജൻ മുണ്ടമറ്റം എന്നിവർ പ്രസംഗിച്ചു.
വിജയികൾക്കു സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കുകയും ചെയ്തു.
നീറ്റ് പ്രവേശനപരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ദീപ്നിയയ്ക്ക് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലുമാണ് സമ്മാനിച്ചത്.
2, 3, 4, 5 8, 9,10 റാങ്കുകൾ നേടിയ കെ.പി. ഷെഫിൻ മൻസൂർ, സബീഹാ ബായി, എൻ.ആർ. രാമനാഥ്, ചെൽസി എസ്. തേരേസ, ടി.എസ്. ഗൗതം, എ.പി. അനുജിത്ത്, ഹർഷ് ജി. ഹരി എന്നിവർക്ക് യഥാക്രമം 5, 4, 3, 1 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളും ഗോൾഡ് മെഡലുകളുമാണ് സമ്മാനിച്ചത്.
കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഹരികിഷൻ ബൈജുവിന് അഞ്ചു ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ് മെഡലും സമ്മാനിച്ചു.
3, 4, 7, 8, 9, 10 സ്ഥാനങ്ങൾ നേടിയ എമിൽ ഐപ് സ്കറിയ, ആദിൽ സയാൻ, ജോൺ ഷിനോജ്, അക്ഷയ് ബിജു, അച്ചുത് വിനോദ്, അൻമോൾ ബൈജു ഉൾപ്പെടെ 420ലധികം പേർക്ക് ഗോൾഡ് മെഡലുകളും 1850ലധികം പേർക്ക് പ്രത്യേക ഉപഹാരങ്ങളും സമ്മാനിച്ചു.
മികച്ച വിജയം നേടിയ 2200ലധികം കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ 10,000 ലധികം ആളുകൾ പങ്കെടുത്തു.