കേരള സര്‍വകലാശാലയിൽ ഫയൽയുദ്ധം
Saturday, July 12, 2025 2:48 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍-രജിസ്ട്രാര്‍ പോര് കനക്കുന്നു. രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ അയച്ച മൂന്നു ഫയലുകള്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ തിരിച്ചയച്ചു.
ഇനി ഫയല്‍ അയയ്ക്കരുതെന്ന നിര്‍ദേശവും നല്കി. ഡോ. മിനി കാപ്പന് അയച്ച ഫയലുകള്‍ വിസി ഒപ്പിടുകയും ചെയ്തു. അതേസമയം രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പന് മുഖേന അയയ്ക്കേണ്ട ഈ ഫയല്‍ ലിങ്ക് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ഇടപെട്ട് വിച്ഛേദിച്ച് അനില്‍കുമാറിന് നല്‍കിയത് സര്‍വകലാശാലാ ഭരണം സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്.
ഡോ.മിനി കാപ്പനെ ചുമതലയില്‍നിന്നും ഒഴിവാക്കണമെന്ന് ചില സിന്‍ഡിക്കറ്റ് അംഗങ്ങള്‍ താല്പ്പര്യപ്പെട്ടതായാണ് വിവരം.
അതേസമയം, സര്‍വകലാശാലാ ഭരണം സ്തംഭനാവസ്ഥയിലാണെന്നു കാട്ടി അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ഒപ്പിട്ട കത്ത് വിസിക്ക് കൈമാറി. സര്‍വകലാശാലാ നിയമ പ്രകാരം സിന്‍ഡിക്കറ്റ് രണ്ടുമാസം കൂടുമ്പോള്‍ മാത്രം ചേര്‍ന്നാല്‍ മതി എന്നുള്ളതിനാല്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ വിസി തയാറാകില്ലെന്നാണ് വിവരം.
തനിക്കു നേരേ ആക്രമണ ഭീഷണി ഉയർത്തിയ സാഹചര്യത്തില്‍ സര്‍വകലാശാല പ്രവര്‍ത്തനം നിയമപ്രകാരമാണെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ സിന്‍ഡിക്കറ്റ് യോഗം വിളിക്കുകയുള്ളൂ എന്ന നിലപാടിലാണ് വിസി. എന്നാല്‍, അടിയന്തര സ്വഭാവമുള്ള ഫയലുകള്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ തനിക്ക് നേരിട്ട് അയയ്ക്കാമെന്ന നിര്‍ദേശം വിസി നല്‍കിയിട്ടുണ്ട്.
ഒഴിവാക്കണമെന്ന ആവശ്യവുമായി മിനി കാപ്പൻ
കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡോ. മിനി കാപ്പന് വൈസ് ചാന്‍സലര്‍ ഡോ.മോഹനന് കുന്നുമ്മലിന് കത്തയച്ചതായാണ് വിവരം.
പദവിയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിച്ചാണ് വിസിക്ക് കത്ത് നല്‍കിയിരിക്കുന്നത്. വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്നും മിനി കാപ്പന് വിസിക്ക് നല്കിയ കത്തില്‍ പറയുന്നു.
സര്‍വകലാശാലയിലെ രജിസ്ട്രാര്‍ സംവിധാനം താളം തെറ്റി കിടക്കുന്നതിനിടയിലാണ് മിനി കാപ്പന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു നീക്കമുണ്ടായിരിക്കുന്നത്. അതേസമയം, രജിസ്ട്രാര്‍ ഡോ.കെ.എസ്. അനില്‍ കുമാറിനെതിരേ വൈസ് ചാന്‍സലര്‍ രാജ്ഭവനെ സമീപിച്ചിട്ടുണ്ട്. തന്റെ നിര്‍ദേശം മറികടന്ന് അനധികൃതമായാണ് കെ.എസ്. അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയതെന്നു ചൂണ്ടിക്കാട്ടി വിസി രാജ്ഭവന് റിപ്പോര്‍ട്ടും നല്കി.