മലക്കംമറിഞ്ഞ് മന്ത്രി ശിവൻകുട്ടി ; സ്കൂൾ സമയമാറ്റ വിഷയത്തിൽ ചർച്ചയ്ക്കു തയാറെന്ന്
Sunday, July 13, 2025 2:46 AM IST
തിരുവനന്തപുരം: സ്കൂൾ സമയമാറ്റ വിഷയത്തിൽ മലക്കംമറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ സമയമാറ്റത്തെ എതിർത്ത സമസ്തയുമായി ചർച്ചയ്ക്കു തയാറാണെന്നും ധിക്കാരപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോടതിയുടെ നിലപാടാണ് താൻ പറഞ്ഞത്.
സ്കൂൾ സമയത്തിൽ ഒരു വിഭാഗത്തിനു മാത്രമായി സൗജന്യം നൽകാൻ കഴിയില്ലെന്നും സർക്കാരിനെ വിരട്ടുന്നതു ശരിയല്ലെന്നും കഴിഞ്ഞദിവസം മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിനു പിന്നാലേ സമസ്തയും നിലപാടു കടുപ്പിച്ചു. തുടർന്നാണ് ഇന്നലെ മന്ത്രി നിലപാട് മയപ്പെടുത്തിയത്.
ഏതുനിമിഷവും സമസ്തയുമായോ ഏതു സംഘടനയുമായോ ചർച്ച നടത്താൻ തയാറാണ്. ഏതു സമയം വേണമെന്ന് അവർ പറഞ്ഞാൽ മാത്രം മതിയെന്നും മന്ത്രി വിശദീകരിച്ചു.
ജനാധിപത്യ സംവിധാനത്തിൽ ഏതു സംഘടനയ്ക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും ആ രൂപത്തിൽ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. സമസ്ത, കാന്തപുരം, സുന്നി വിഭാഗങ്ങളാണ് സ്കൂൾ സമയമാറ്റ വിഷയത്തിൽ പ്രതിഷേധമുന്നയിച്ചത്.