കണ്ണൂരിലും കാൽകഴുകിക്കൽ
Sunday, July 13, 2025 1:11 AM IST
ശ്രീകണ്ഠപുരം: കാസർഗോഡ് ബന്തടുക്കയ്ക്കു പിന്നാലെ കണ്ണൂരിലും ഗുരു പൂർണിമ ദിനത്തിൽ വിദ്യാർഥികളെ നിർബന്ധിച്ച് അധ്യാപകരുടെ കാൽകഴുകിച്ച് (പാദപൂജ) സ്കൂളുകൾ.
പൂർവാധ്യാപകന്റെയും രക്ഷിതാക്കളുടെയുമാണ് കാൽ കഴുകിച്ചത്. ശ്രീകണ്ഠപുരം പരിപ്പായിക്കടുത്ത വിവേകാനന്ദ വിദ്യാപീഠം സ്കൂള്‍, കുറ്റ്യാട്ടൂര്‍ ശ്രീശങ്കരാ വിദ്യാനികേതന്‍ സ്കൂള്‍, കുത്തുപറമ്പ് അമൃത സ്കൂള്‍ എന്നിവിടങ്ങളിലാണ് ഗുരുപൂര്‍ണിമ ദിനത്തില്‍ കാൽകഴുകൽ നടന്നത്. അധ്യാപകരെ ആദരിക്കുന്നു എന്ന പേരിലായിരുന്നു വിദ്യാർഥികളെക്കൊണ്ട് കാൽകഴുകിച്ചത്.
ശ്രീകണ്ഠപുരത്ത് പൂർവ അധ്യാപകൻ ബി. ശശിധരന്റെ കാൽ കഴുകിച്ച് പൂക്കൾ അർപ്പിച്ചായിരുന്നു ചടങ്ങ്. സ്കൂൾ ആരംഭിച്ചതു മുതൽ ഇത്തരം ചടങ്ങുകൾ നടക്കാറുണ്ടെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
അതേസമയം, ഗുരുപൂര്‍ണിമയുടെ മറവില്‍ സ്കൂളുകളില്‍ നടക്കുന്ന മതാധിഷ്ഠിത ചടങ്ങുകള്‍ക്കെതിരേ ഇടതു സംഘടനകള്‍ രംഗത്തെത്തി. കാൽകഴുകൾ ചടങ്ങുകൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും വേദകാലത്തേക്കുള്ള മടക്കമാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
കാലുപിടിക്കുന്ന സംസ്കാരത്തിന്റെ ഭാഗമാക്കാനല്ല, നിവര്‍ന്നുനിന്നു സംസാരിക്കാനുള്ള കരുത്താണു കുട്ടികള്‍ക്കു നല്കേണ്ടതെന്നു നേതാക്കൾ പ്രതികരിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍ നടന്ന കാൽകഴുകൽ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് പ്രതികരിച്ച എസ്എഫ്ഐ, ബാലാവകാശ കമ്മീഷനു പരാതി നൽകിയിട്ടുണ്ട്.
കാസർഗോഡിനു പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ പാദപൂജ ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളിൽ പാദപൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. വിദ്യാര്‍ഥികള്‍ അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കളിട്ട് പൂജിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.