പാർട്ടിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്ന് പി.കെ. ശശി
Sunday, July 13, 2025 12:02 AM IST
പാലക്കാട്: സിപിഎമ്മിന് എതിരായാണ് താൻ മണ്ണാർക്കാട് പ്രസംഗിച്ചത് എന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്ന് കെടിഡിസി ചെയർമാൻ പി.കെ. ശശി.
എന്നാൽ ഒരു വാക്കുപോലും പാർട്ടിക്കെതിരായോ നേതാക്കൾക്കെതിരായോ താൻ പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുന്പോൾതന്നെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ വ്യക്തിപരമായ ബന്ധങ്ങൾ നിലനിർത്തുമെന്നാണു പറഞ്ഞതെന്നും അഴിമതിക്കെതിരേയാണു സംസാരിച്ചതെന്നും ശശി വിശദീകരിച്ചു.
സൈബർ ആക്രമണം നടത്തുന്നവരാണു കോണ്ഗ്രസിലേക്കു പോകുന്നുവെന്നു പ്രചാരണം നടത്തുന്നത്. പാർട്ടിയിലേക്കു വരണമെന്ന് കോണ്ഗ്രസ് നേതാക്കൾക്ക് ആഗ്രഹമുണ്ടാകാം. ആരോടും വ്യക്തിപരമായി കുടിപ്പകയില്ലെന്നും താനെന്നും സിപിഎമ്മുകാരനാണെന്നും ശശി പറഞ്ഞു.
“യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്ത ഞാൻ അഴിമതിക്കെതിരേയാണു പറഞ്ഞത്.
എല്ലാ കാര്യങ്ങളിലും സോഷ്യൽ ഓഡിറ്റ് വേണമെന്നാണ് പറഞ്ഞത്. എല്ലാ വർക്കുകളും സോഷ്യൽ ഓഡിറ്റിംഗിനു വിധേയമാക്കണം. വിരോധമുള്ള ഒരാൾക്കെതിരേ അഴിമതിയാരോപണമുന്നയിക്കുന്നതു ശരിയല്ല. അതു വ്യക്തമായി തെളിയിക്കപ്പെടണം. മാത്രവുമല്ല, അഴിമതി ഉന്നയിക്കുന്നവൻ താൻ പരിശുദ്ധനാണ് എന്നു ലോകത്തെ ബോധ്യപ്പെടുത്തണം.
മാലിന്യക്കൂന്പാരത്തിൽ ഇറങ്ങിനിന്ന് കരയ്ക്കു നിൽക്കുന്നവന്റെ കുപ്പായത്തിൽ കറുത്ത കുത്തുണ്ടെന്നു പറയുന്നത് അപഹാസ്യമാണ് എന്നാണ് പ്രസംഗിച്ചത്. ഞാൻ വരുന്നുവെന്നു പറയുന്പോൾ ആർക്കാണിത്ര ബേജാർ?സാധാരണ മനുഷ്യനായ എന്നെ ഭയപ്പെടേണ്ട കാര്യമെന്താണ്?’’- ശശി ചോദിച്ചു.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ആയുർവേദ ഡിസ്പെൻസറിയുടെ ഉദ്ഘാടനച്ചടങ്ങിനാണ് ശശി മുഖ്യാതിഥിയായി എത്തിയത്.
പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം കോണ്ഗ്രസ് നേതാവ് വി.കെ. ശ്രീകണ്ഠൻ എംപിയും ലീഗ് എംഎൽഎയായ എൻ. ഷംസുദീനും പങ്കെടുത്തിരുന്നു.