റിന്‍സി മുംതാസ് സിനിമാമേഖലയിലെ ഡ്രഗ് ലേഡി; യുവതാരങ്ങള്‍ക്കും ലഹരി കൈമാറി
Sunday, July 13, 2025 2:46 AM IST
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബര്‍ പിടിയിലായ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.
മുഖ്യപ്രതി റിന്‍സി മുംതാസ് സിനിമാപ്രമോഷന്റെ മറവില്‍ യുവതാരങ്ങള്‍ക്കടക്കം ലഹരി കൈമാറിയിരുന്നതായാണു പോലീസിന്റെ കണ്ടെത്തല്‍. ഇവരുടേതടക്കം ലഹരി ഇടപാടിലെ പ്രധാന പേരുകള്‍ റിന്‍സി പോലീസിനോടു പറഞ്ഞതായാണു വിവരം.
ഷൂട്ടിംഗ് ലൊക്കേഷനുകളിലടക്കം വന്‍തോതില്‍ ആവശ്യക്കാര്‍ക്കു ലഹരി എത്തിച്ചിരുന്ന റിന്‍സി സിനിമാമേഖലയിലെ ഡ്രഗ് ലേഡിയാണെന്നു പോലീസ് പറയുന്നു.
ലഹരി ഇടപാടുകള്‍ക്കു മാത്രമായി 70ലധികം വാട്സ്ആപ് ഗ്രൂപ്പുകൾ റിന്‍സി കൈകാര്യം ചെയ്തിരുന്നതായാണു കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ യാസര്‍ അറഫാത്തിനു ലഹരി വാങ്ങാന്‍ പണം നല്‍കിയിരുന്നത് റിന്‍സിയാണ്. ഇത്തരത്തില്‍ എംഡിഎംഎ വാങ്ങാന്‍ ലക്ഷങ്ങളാണു ചെലവിട്ടിരുന്നത്. ബംഗളൂരുവില്‍നിന്ന് എത്തിച്ചിരുന്ന ലഹരി പായ്ക്കു ചെയ്തിരുന്നത് പാലച്ചുവട്ടിലുള്ള റിന്‍സിയുടെ ഫ്ലാറ്റിലായിരുന്നു. ചെറുപൊതികളാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു രീതി. സിനിമാപ്രവര്‍ത്തകരടക്കം ഫ്ലാറ്റില്‍ എത്തിയിരുന്നതായും റിന്‍സി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
എംഡിഎംഎ മാത്രമല്ല വിലകൂടിയ കൊക്കെയ്നും റിന്‍സി കൈകാര്യം ചെയ്തിരുന്നതായാണു കണ്ടെത്തല്‍. ഇടപാടുകാര്‍ക്ക് ലഹരിവസ്തുക്കളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കും. തുടര്‍ന്നു പണം കൈമാറിയശേഷമാണു ലഹരി വില്പന. പത്തു മാസത്തോളമായി കൊച്ചിയിലടക്കം ഇരുവരും ചേര്‍ന്നു ലഹരി ഇടപാട് നടത്തിവന്നിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.