ഷാര്‍ജയില്‍ യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് കുടുംബം
Sunday, July 13, 2025 1:11 AM IST
കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയായ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി യുവതിയുടെ കുടുംബം രംഗത്ത്.
കൊറ്റംകര കേരളപുരം രജിത ഭവനില്‍ വിപഞ്ചികയെയും (33) ഒന്നര വയസുകാരിയായ മകള്‍ വൈഭവിയെയുമാണ് ഷാര്‍ജ അല്‍ നഹ്ദയിലെ താമസസ്ഥലത്ത് കഴിഞ്ഞ ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാട്ടിലേക്ക് എത്തിച്ച് വിചാരണ ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണമെന്ന ആവശ്യവും കുടുംബം ഉന്നയിച്ചു. ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും കുടുംബം വ്യക്തമാക്കി. മകളെയും കുഞ്ഞിനെയും ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ആരോപിക്കുന്നത്.
വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പും ശബ്ദസന്ദേശങ്ങളും അടക്കമുള്ള തെളിവുകള്‍ സമര്‍പ്പിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ആവശ്യം ഉന്നയിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
കുടുംബം നേരത്തെ കേരള പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണം രാജ്യാന്തര തലത്തിലേക്ക് പോകുന്ന ഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ വരാനുള്ള സാധ്യതയുണ്ട്. ഈ സ്ഥിതി കണക്കിലെടുത്താണ് കുടുംബം അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണം എന്ന ആവശ്യം മുന്നോട്ടു വച്ചിട്ടുള്ളത്.
തന്റെയും മകളുടെയും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവണം എന്ന് വ്യക്തമാക്കിയിട്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്ക്കേണ്ടിവന്നിട്ടുണ്ട് എന്നാണ് വിപഞ്ചിക ആത്മഹത്യാക്കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, വിപഞ്ചികയുടെ മകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറില്‍ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിപഞ്ചികയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍നടപടികള്‍ നീളുമെന്നാണ് സൂചന.