വിടുതൽ ഹർജി തള്ളിയത് സ്വാഗതാർഹം: മുസ്ലിംലീഗ്
Friday, September 20, 2024 1:15 AM IST
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് പി. ജയരാജനും ടി.വി. രാജേഷും കൊച്ചിയിലെ സിബിഐ കോടതിയിൽ നൽകിയിരുന്ന വിടുതൽ ഹർജി കോടതി തള്ളിയത് സ്വാഗതാർഹമാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും മാധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് നടന്ന അരിയിൽ ഷുക്കൂറിന്റെ കൊലപാതകക്കേസിൽനിന്നും അതിന്റെ ഗൂഢാലോചനയിൽനിന്നും രക്ഷപ്പെടാനുള്ള ജയരാജന്റെയും രാജേഷിന്റെയും ശ്രമങ്ങൾക്കാണ് കോടതി തടയിട്ടിരിക്കുന്നത്.
സിബിഐ അന്വേഷണത്തെ തടസപ്പെടുത്തുന്നതിനുവേണ്ടി പ്രതികൾ നടത്തിയ എല്ലാ ശ്രമങ്ങളെയും പ്രതിരോധിച്ചുകൊണ്ട് മുസ്ലിംലീഗും ഷുക്കൂറിന്റെ കുടുംബവും നടത്തിയ നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടങ്ങളെ സാധൂകരിക്കുന്നതാണ് കോടതി വിധി.
മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലും മേൽനോട്ടത്തിലും ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിയും ഷുക്കൂറിന്റെ കുടുംബവുമാണ് ഈ പോരാട്ടം നടത്തിയത്. ഷുക്കൂറിനും കുടുംബത്തിനും നീതിക്കു വേണ്ടിയുള്ള അവസാന ശ്രമവും ഇനിയും പോരാട്ട വഴിയിൽ മുസ്ലിംലീഗ് തുടരുക തന്നെ ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.