കേരളത്തിലെ രാഷ്ട്രീയഘടനയെ മാറ്റിയെടുക്കാന്‍ സിപിഎം ശ്രമം: എന്‍.കെ. പ്രേമചന്ദ്രന് എംപി
Friday, September 20, 2024 1:06 AM IST
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ രാഷ്ട്രീയ ഘടനയെ മാറ്റിയെടുക്കാന്‍ സിപിഎം ബോധപൂര്‍വമായ ശ്രമം നടത്തുകയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി.
തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അപ്പസ് തോലന്മാരായി വന്നവര്‍ ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്.
സമീപകാലത്തായി സിപിഎമ്മിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന രാഷ്ട്രീയ ഗതിവിഗതികള്‍ നിരീക്ഷിച്ചാല്‍ അത് ബോധ്യമാകും. അതിന്റെ ഭാഗമാണ് പി. ജയരാജന്റെ ഇപ്പോഴത്തെ പ്രതികരണമെന്ന് പ്രേമചന്ദ്രന് പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയ പ്രേമചന്ദ്രന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ ഐഎസുമായി ബന്ധപ്പെട്ട ഒരു ആക്ഷേപം പോലുമില്ലാത്ത സാഹചര്യത്തില്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പ്രസ്താവനയുടെ പശ്ചാത്തലം എന്തെന്ന് വിശദീകരിക്കാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. വര്‍ഗീയ ധ്രുവീകരണം വളര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി മാത്രമേ അതിനെ വിലയിരുത്താനാകൂ.
റിക്രൂട്ട്മെന്റ് നടന്നിട്ടുണ്ടെങ്കില്‍ ഒമ്പത് വര്‍ഷത്തോളമായി കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരോ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പോ അതുകണ്ടെത്തി നടപടി സ്വീകരിച്ചില്ലെന്നതും ഗൗരവതരമാണ്.
ഇരുതല മൂര്‍ച്ചയുള്ള പ്രസ്താവനകളാണ് സിപിഎം നടത്തുന്നത്. ഭൂരിപക്ഷ വര്‍ഗീയതയുടെ പിന്‍ബലത്തോടെ അധികാരം നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം പരാമര്‍ശങ്ങളെന്ന് കാണാം. അതിനെതിരായ പ്രതികരണമായിരിക്കാം മലബാര്‍ മേഖലയിലെ ഇടത് എംഎല്‍എമാര്‍ അടക്കമുള്ളവരില്‍ നിന്നുള്ള പൊട്ടിത്തെറികള്‍.
തരാതരം പോലെ ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന തന്ത്രമാണ് സിപിഎം എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയവ്യതിയാനം തിരിച്ചറിഞ്ഞ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയാണെന്നും പ്രേമചന്ദ്രന് പറഞ്ഞു.