സംസ്ഥാന വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Thursday, September 12, 2024 3:17 AM IST
തിരുവനന്തപുരം: സംസ്ഥാന വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററെയും കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയർത്താൻ മുൻനിന്ന് പ്രവർത്തിച്ച വേണുജിയെയും തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരത്തുക.
കായിക മേഖലയിലെ മികവിന് മുൻ പിറവം എംഎൽഎ എം. ജെ. ജേക്കബിനെയും കെ. വാസന്തി (ആലപ്പുഴ)യെയും തെരഞ്ഞെടുത്തു. 25000 രൂപ വീതമാണ് പുരസ്കാരങ്ങൾ. കല-സാഹിത്യം എന്നീ മേഖലയിൽ കെ. കെ. വാസു (തിരുവനന്തപുരം), കെ. എൽ. രാമചന്ദ്രൻ (പാലക്കാട്) എന്നിവരെ തെരഞ്ഞെടുത്തു.
മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം മലപ്പുറം ജില്ല നേടി. മികച്ച കോർപറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം തിരുവനന്തപുരം കോർപറേഷനാണ്. കൊയിലാണ്ടിയാണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപ പുരസ്കാരം.
വൈക്കം, കല്യാശേരി എന്നിവ മികച്ച ബ്ലോക്ക് പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം), പീലിക്കോട് (കാസർഗോഡ്), കതിരൂർ (കണ്ണൂർ) എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തെരഞ്ഞെടുത്തു.
മികച്ച എൻജിഒക്കുള്ള പുരസ്കാരം തിരുവനന്തപുരം ജില്ലയിലെ ‘സത്യാന്വേഷണ’ ചാരിറ്റബിൾ ട്രസ്റ്റും, മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം ദേവികുളം മെയിന്റനൻസ് ട്രിബ്യൂണലും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്കാരങ്ങൾ.
പുളിക്കൽ പറന്പിലെയും (പാലക്കാട്) വേങ്ങരയിലെയും (മലപ്പുറം) സായംപ്രഭാ ഹോമുകൾക്കാണ് ആ മേഖലയിലെ മികവിനുള്ള പുരസ്കാരം. കാൽ ലക്ഷം രൂപ വീതമാണ് സമ്മാനം.