സുഭദ്രയുടെ സംസ്കാരം നടത്തി
Thursday, September 12, 2024 3:06 AM IST
കൊച്ചി: ആലപ്പുഴ കലവൂരില്‍ കൊല്ലപ്പെട്ട സുഭദ്രയുടെ സംസ്കാരം നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കിയ മൃതദേഹം ഉച്ചകഴിഞ്ഞ് 3.30 ഓടെ എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കരിച്ചത്. സുഭദ്രയുടെ കുടുംബവും അടുത്ത ബന്ധുക്കളും മാത്രമാണു സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത്.
കഴിഞ്ഞദിവസം ആലപ്പുഴ കലവൂരിലെ കോര്‍ത്തുശേരിയിലെ വീട്ടുവളപ്പില്‍നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ മാസം ആറിന് സുഭദ്രയുടെ മകന് രാധാകൃഷ്ണന് ഇവരെ കാണാനില്ലെന്ന് കാണിച്ച് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയിരുന്നു.
പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സുഭദ്രയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ശര്‍മിള എന്ന സ്ത്രീയുടെ വീട്ടുവളപ്പില്‍നിന്നും മൃതദേഹം കണ്ടെത്തിയത്.