മോണ്‍. ജോര്‍ജ് കുരുക്കൂര്‍ അന്തരിച്ചു
Tuesday, September 10, 2024 1:48 AM IST
കോതമംഗലം: പ്രമുഖ സഭാ, ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ മോണ്‍. ഡോ. ജോര്‍ജ് കുരുക്കൂര്‍ (83) അന്തരിച്ചു. സംസ്കാരശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ മാറാടി സെന്റ് ജോര്‍ജ് പള്ളിയില്‍.
മാറാടി കുരുക്കൂര്‍ ഔസേപ്പ് -അന്നമ്മ ദമ്പതികളുടെ മകനാണ്. 1968 മാര്‍ച്ച് 15 ന് പൗരോഹിത്യം സ്വീകരിച്ചു. 1990 മുതല്‍ 2021 വരെ കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ അപ്പസ്തോലിക പ്രബോധനങ്ങളുടെ വിവര്‍ത്തകനായി സേവനമനുഷ്ഠിച്ചു.
മംഗലപ്പുഴ, കാര്‍മല്‍ഗിരി സെമിനാരികളിലും കോതമംഗലം സെന്റ് ജോസഫ് മൈനര്‍ സെമിനാരിയിലും ദീര്‍ഘകാലം അധ്യാപകനായിരുന്നു. സഭയ്ക്കു നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2016 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മോണ്‍സിഞ്ഞോര്‍ പദവി നല്കി ആദരിച്ചു.
മുതലക്കോടം, കല്ലൂര്‍ക്കാട്, പൈങ്ങോട്ടൂര്‍ പള്ളികളില്‍ അസി. വികാരി, കുത്തുപാറ, ചെല്ലിയാംപാറ, തെന്നത്തൂര്‍, നടുക്കര, ചാലാശേരി, പള്ളിക്കാമുറി, പെരുമ്പള്ളിച്ചിറ ഇടവകകളില്‍ വികാരി, മുതലക്കോടം അക്വിനാസ് കോളജില്‍ അധ്യാപകന് എന്നീനിലകളിലും സേവനം ചെയ്തിട്ടുണ്ട്.
സഹോദരങ്ങള്‍: ചാക്കോ (റിട്ട. ഹെഡ്മാസ്റ്റര് ഗവ. ഈസ്റ്റ് ഹൈസ്കൂള്‍ മൂവാറ്റുപുഴ), സ്റ്റീഫന്‍ (റിട്ട. ഹെഡ്മാസ്റ്റര് സെന്റ് മേരീസ് ഹൈസ്കൂള്‍ മാങ്കുളം), മാത്യു ( റിട്ട. മാനേജര്‍ ജില്ലാ സഹകരണ ബാങ്ക് എറണാകുളം). ഫാ. ജോര്‍ജിന്റെ ഭൗതികദേഹം ഇന്നു വൈകുന്നേരം
ആറു മുതല്‍ മാറാടിയില്‍ സഹോദരന് മാത്യു ടി. ജോസഫിന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ രാവിലെ പത്തിന് സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം വീട്ടില്‍ ആരംഭിക്കും. 11 മുതല്‍ മാറാടി പള്ളിയില്‍ പൊതുദര്‍ശനം.