കന്റോണ്മെന്റ് എസ്ഐക്കെതിരേ നിയമനടപടികളുമായി അബിൻ വർക്കി
Tuesday, September 10, 2024 1:48 AM IST
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരേ ലാത്തിച്ചാർജ് നടത്തി പരിക്കേൽപ്പിക്കാൻ നേതൃത്വം നൽകിയത് കന്റോണ്മെന്റ് എസ്ഐ ജിജു കുമാറാണെന്നും ഇദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.
എഡിജിപി അജിത് കുമാറിനെതിരേ സംസാരിച്ചതിന്റെ വിരോധം മൂലമായിരുന്നു മർദനമെന്നും യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും പരാതിയിൽ പറുന്നു.
പരസ്യമായി സിപിഎം അനുഭാവം പുലർത്തുന്ന ഈ ഉദ്യോഗസ്ഥന് എതിരേ ജാമ്യമില്ല വകുപ്പ് അനുസരിച്ച് മോഷണക്കുറ്റത്തിന് തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരിട്ട് കേസെടുത്തിട്ടുണ്ടെന്നും അബിൻ വർക്കി പരാതിയിൽ പറയുന്നു.
പരാതിയിൽ നടപടി ഉണ്ടാകാത്ത പക്ഷം കോടതി മുഖേനയുള്ള വ്യവഹാരങ്ങൾ ഉടൻ ആരംഭിക്കുമെന്നും അകാരണമായി പ്രവർത്തകരെ തല്ലിയ പോലീസ് ഉദ്യോഗസ്ഥരെ വീട്ടിലിരുത്തുന്നതു വരെ പോരാട്ടം തുടരുമെന്നും അബിൻ വർക്കി പറഞ്ഞു.