മാമിയുടെ തിരോധാനത്തിനു പിന്നിൽ എഡിജിപി: അൻവർ
Monday, September 9, 2024 3:51 AM IST
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരി ആട്ടൂർ മുഹമ്മദ് എന്ന മാമിയുടെ തിരോധാനത്തിനു പിന്നിൽ എഡിജിപി എം.ആർ. അജിത്കുമാറിന്റെ കറുത്ത കൈകളാണെന്നു പി.വി. അൻവർ എംഎൽഎ. ഇതിനു പുറകിൽ പ്രവർത്തിച്ചത് അജിത്കുമാറാണെന്നതിന്റെ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാമിയുടെ വസതിയിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്. വിവാദത്തിനു പിന്നാലെ അജിത്കുമാർ അവധിയിൽ പോയത് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. അദേഹം നൊട്ടോറിയസ് ക്രിമിനലാണ്. കാലചക്രം തിരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സുജിത് ദാസിന്റെ ഗതി അയാൾക്കും വരും’’- അൻവർ പറഞ്ഞു. ഒരു വർഷം മുന്പ് കോഴിക്കോട് നഗരത്തിൽനിന്നു കാണാതായ മാമിയുടെ വീട്ടുകാരെ സന്ദർശിച്ച പി.വി. അൻവർ എംഎൽഎ, മാമി തിരോധാനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയർപ്പിക്കാമെന്നു കുടുംബാംഗങ്ങളോടു പറഞ്ഞു.
മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാമെന്നും അൻവർ പറഞ്ഞു. വെള്ളിമാടുകുന്നിലെ മാമിയുടെ വീട്ടിലാണ് ഇന്നലെ പി.വി. അൻവർ എത്തിയത്. രണ്ടു മണിക്കൂറോളം കുടുംബാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.