കൊയ്യുന്നത് കോടികൾ; കംബോഡിയയിൽ സൈബർ തട്ടിപ്പും ജോലി!
പീറ്റർ ഏഴിമല
Monday, September 9, 2024 3:51 AM IST
പയ്യന്നൂര്‍: ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ട ജോലിക്കായാണ് കാസര്‍ഗോഡ് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ കംബോഡിയയിൽ എത്തിയത്. (യുവാവിന്റെ അഭ്യര്‍ഥന മാനിച്ച് വാര്‍ത്തയില്‍ പേര് ഒഴിവാക്കുന്നു). കംബോഡിയയിൽ എത്തിയ യുവാവ് ചെന്നുപെട്ടത് സൈബർ തട്ടിപ്പുകാരുടെ പിടിയിൽ. അഞ്ചുലക്ഷത്തോളം രൂപ നഷ്ടപ്പെട്ട യുവാവിനു ജീവൻ നഷ്ടപ്പെടാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രം. നാട്ടില്‍ തിരിച്ചെത്തിയ കാസര്‍ഗോഡ് സ്വദേശി, കംബോഡിയയിൽ സ്കാമിംഗ് കമ്പനിക്കാരുടെ പിടിയിലകപ്പെട്ടതിനെക്കുറിച്ച് ദീപികയോട് സംസാരിച്ചു. കംബോഡിയയിൽ സൈബർ തട്ടിപ്പ് ഒരു ജോലിയാണെന്നും കൊയ്യുന്നതു കോടികളാണെന്നും യുവാവ് പറയുന്നു.
ജോലി തേടി കംബോഡിയയിൽ
സുഹൃത്തിന്റെ പിതാവു വഴിയാണ് കംബോഡിയ യാത്രയ്ക്കു കളമൊരുങ്ങിയത്. അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനവും സോഷ്യല്‍ മീഡിയയിലെ പരിജ്ഞാനവും വേഗത്തില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവുമാണു യോഗ്യതയായി ആവശ്യപ്പെട്ടിരുന്നത്. പ്രതിമാസം 60,000 രൂപയായിരുന്നു വേതനമായി നിശ്ചയിച്ചിരുന്നത്. വീസ അവിടെനിന്നു ശരിയാക്കാമെന്നായിരുന്നു വ്യവസ്ഥ. കൂടെയുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്ന സുഹൃത്തിന് യാത്ര തിരിക്കുമ്പോള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ വരാനായില്ല.
കംബോഡിയയിലെ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി സംവിധാനമുണ്ടായിരുന്നില്ല. എന്നുമാത്രമല്ല, കമ്പനിയുടെ ആളുകളായി കൂട്ടാനെത്തിയവര്ക്ക് എല്ലാവിധ സ്വാതന്ത്ര്യവും അവിടെയുണ്ടായിരുന്നുതാനും. അവിടെനിന്നു നാലുമണിക്കൂറോളം കാറില്‍ യാത്ര. ആറുനില ഫ്ലാറ്റിനു മുന്നില്‍ നിര്‍ത്തിയ കാറില്‍ നിന്നിറങ്ങിയപ്പോള്‍ അവിടെ കനത്ത സെക്യൂരിറ്റി സംവിധാനം കണ്ടു. ട്രേഡിംഗ് ബിസിനസിനല്ല താന്‍ എത്തിപ്പെട്ടിരിക്കുന്നതെന്നും സ്കാമിംഗ് തട്ടിപ്പുസങ്കേതത്തിലാണു വന്നുപെട്ടതെന്നും വൈകാതെതന്നെ മനസിലായി.
ഇരുനൂറോളം യുവതീ-യുവാക്കള്‍ ആണ് ഇവിടെ ജോലി ചെയ്തിരുന്നത്. അതില്‍ യുവതികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര് മലയാളികളായിരുന്നു. ചൈനക്കാരുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നതെന്നു പിന്നീട് മനസിലാക്കി. ഓഫീസിനു ചുറ്റുപാടുമുള്ള എല്ലാം കെട്ടിടങ്ങളും സ്കാമിംഗ് തട്ടിപ്പുകാരുടേതായിരുന്നു. രാവിലെ പത്തരയ്ക്കു തുടങ്ങുന്ന ജോലി രാത്രി 11 വരെയാണ്. ഇതിനിടെ മൂത്രമൊഴിക്കണമെങ്കില്‍ ഇവരുടെ സൈറ്റില്‍ മെസേജ് കൊടുക്കണം. അഞ്ചുമിനിറ്റ് മാത്രമാണു മൂത്രമൊഴിക്കാനുള്ള സമയം. ടോയ്ലറ്റില് പോകണമെങ്കില്‍ 10 മിനിറ്റ്.
ഒരു സെക്കന്‍ഡ് താമസിച്ചുകഴിഞ്ഞാല്‍ കമ്പനി ഈടാക്കുന്ന ഫൈന്‍ മാസശമ്പളത്തില്നിന്നു കുറവ് ചെയ്യും. ജോലിക്കിടയില്‍ മയങ്ങിപ്പോയാലും ഫൈനുണ്ട്. അതേപോലെ ജോലിക്ക് ഹാജരാകാന്‍ ഒരു സെക്കന്‍ഡ് താമസിച്ചാല്‍ അതിനും ഫൈന്‍. ഇങ്ങനെ വേതനമായ 60,000 രൂപയില്‍നിന്നു വിവിധങ്ങളായ ഫൈനുകള്‍ കഴിച്ച് പതിനായിരം രൂപ മാത്രമാണ് ലഭിക്കുക. രാത്രി 11ന് ഡ്യൂട്ടി കഴിഞ്ഞാല്‍ പുലര്‍ച്ചെ മൂന്നുവരെ മാത്രം പുറത്തിറങ്ങാം.
സോഷ്യൽ മീഡിയയിലൂടെ ഇരകളെ കണ്ടെത്തും
സോഷ്യല്‍ മീഡിയയിലെ പ്രാവീണ്യം ഉപയോഗിച്ച് കൂടുതല്‍ വരുമാനവും സമ്പാദ്യങ്ങളുമുള്ള ബിസിനസുകാരെയും ആസ്തികളുള്ളവരെയും കണ്ടെത്തുന്ന ജോലിയാണു കിട്ടിയത്. കൂടുതല്‍ സമ്പന്നരുള്ള മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ വലവീശുന്നത്. കേരളത്തിലെ ചില വന്‍തോക്കുകളും ഇവരുടെ വലയില്‍ കുടുങ്ങിയിരുന്നു.
ഇവരുടെ പ്രൊഫൈലുകളും ഡിപിയും നോക്കുമ്പോള്‍ത്തന്നെ ഇരയുടെ ഏകദേശ സ്വഭാവം പിടികിട്ടാനുള്ള പരിശീലനങ്ങള്‍ ജീവനക്കാര്‍ക്കു നല്‍കിയിട്ടുണ്ട്. പിന്നീട് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെ പരിചിതത്വം തോന്നിക്കും വിധത്തിലുള്ള സന്ദേശമയയ്ക്കും. രണ്ടു ദിവസം കാത്തിട്ടും പ്രതികരണമില്ലെങ്കില്‍ ആളുമാറിയതാണെന്ന ക്ഷമാപണവും അയയ്ക്കും. സുന്ദരികളുടെ പ്രൊഫൈല്‍ ചിത്രം ചേര്‍ത്തുള്ള ഇ-മെസേജിന് ചിലപ്പോൾ പ്രതികരണമുണ്ടാകും.
പിന്നീട് മാന്യതയോടെയുള്ള സംസാരമാണ്. ഇതിലൂടെ ആളെ മനസിലാക്കിക്കഴിഞ്ഞാല്‍ പിന്നീട് സംസാരം ലൈംഗിക കാര്യങ്ങളിലേക്കു വഴിമാറും. സംസാരത്തിനിടെ, കൂടുതല്‍ ലാഭം കിട്ടുന്ന ബിസിനസിലൂടെ താന്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വിവരം കൈമാറുന്നതോടെ തട്ടിപ്പിന്റെ വാതില്‍ തുറക്കുകയായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന യുവതീ-യുവാക്കള്‍ക്ക് മാസവേതനം കൂടാതെ ഇരകളെ പിടികൂടുന്നതിന് ആകര്‍ഷകമായ കമ്മീഷനുമുണ്ട്. അതിനാല്‍ ഇരയെ കുടുക്കാന്‍ ഏതറ്റംവരെ പോകാനും ഇവര്‍ക്ക് മടിയില്ല.
കെണികളായി ടാസ്കുകൾ
ടാസ്കുകള് കെണികളാക്കിയും ഇവര്‍ പണംവാരുന്നു. വീട്ടിലിരുന്ന് ഒഴിവുസമയങ്ങളില്‍ പണമുണ്ടാക്കാമെന്ന പരസ്യങ്ങൾ പ്രധാനമായും കംബോഡിയയില്നിന്നാണ്. കമ്പനിയുടെ വിദഗ്ധന്മാരാണ് ഇതിനായി ടാസ്കുകള് തയാറാക്കുന്നത്.
ടാസ്കുകളിലേര്പ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ജോലിയും ഇവരുടേതാണ്. ഇതിനായി തയാറാക്കുന്ന സൈറ്റുകള്‍ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നതിനാല്‍ പോലീസിന്റെ സൈബര്‍ വിദഗ്ധര്‍ക്കുപോലും കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. സാമ്പത്തിക ഇടപാടില്‍ ഇടനിലക്കാരായ വ്യക്തികള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കാനാകും. എന്നാല്‍, ഓണ്‍ലൈനായുള്ള തട്ടിപ്പിന്റെ അങ്ങേയറ്റം കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണ്.
ദൃശ്യങ്ങൾ നിർമിച്ച് ഹണിട്രാപ്പ്
ഹണിട്രാപ്പാണ് ലൈംഗിക സംസാരത്തില്‍ വീഴുന്നവരെ കുടുക്കുന്നതിനായി ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. കമ്പനിയിലെ കംപ്യൂട്ടര്‍ വിദഗ്ധരുടെ സഹായത്തോടെ ഇരയും പ്രൊഫൈല്‍ ചിത്രത്തിലുള്ളയാളും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ദൃശ്യങ്ങളുണ്ടാക്കിയാണു കെണിയൊരുക്കുന്നത്. മാനഹാനി ഭയന്ന് ചോദിക്കുന്ന പണം നല്കിയാലും രക്ഷയുണ്ടാകില്ല. ഇടയ്ക്കിടെ ഇരയെ വേട്ടയാടുന്നതിലൂടെ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണമൊഴുകും. ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നു തലപ്പടം മാത്രമെടുത്ത് ഫോളോവേഴ്സിനെ ഒഴിവാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തും ഇവര്‍ തട്ടിപ്പ് നടത്തുന്നു.
കംബോഡിയയിലെ തട്ടിപ്പുകേന്ദ്രങ്ങളില്‍ എങ്ങനെയൊക്കെ പണം തട്ടിയെടുക്കാമെന്ന ഗവേഷണങ്ങളാണു നടക്കുന്നതെന്നു യുവാവ് വെളിപ്പെടുത്തുന്നു. നരകയാതനയനുഭവിച്ച് ഒടുവില്‍ ഒരു ഇന്ത്യന്‍ റസ്റ്ററന്റിലെ ജീവനക്കാരനായ തലശേരി സ്വദേശിയുടെ സഹായത്താലാണ് യുവാവ് നാട്ടിൽ തിരിച്ചത്തിയത്.