അത്തച്ചുവടിൽ നൃത്തംവച്ച് രാജവീഥി
Saturday, September 7, 2024 12:01 AM IST
ഷിബു ജേക്കബ്
തൃപ്പൂണിത്തുറ: വീഥികളിൽ വർണത്തിന്റെ മഴവില്ല് വിരിയിച്ച് അത്തം ഘോഷയാത്ര. ഓണാഘോഷങ്ങളുടെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ നടന്ന അത്തം ഘോഷയാത്ര രാജവീഥിയിലെത്തിയ ജനസഞ്ചയത്തിന് ദൃശ്യവിരുന്നായി.
വടക്കേ മലബാറിലെയും തെക്കൻ തിരുവിതാംകൂറിലെയും പ്രാചീന കലാരൂപങ്ങൾ നിറഞ്ഞാടിയ ഘോഷയാത്ര കാണികളുടെ മനം കവർന്നു. രാവിലെ ഉദ്ഘാടനസമയത്ത് വെയിൽ മങ്ങി ഇടയ്ക്കു മഴ പെയ്തെങ്കിലും പിന്നീട് മാനം തെളിഞ്ഞതോടെ ശോഭ കെടാതെ ഓണത്തിന്റെ വിളംബരമറിയിച്ച് ഘോഷയാത്ര നഗരം ചുറ്റി അത്തം നഗറിൽ തിരിച്ചെത്തി.
പഴയ കാലത്തെ രാജവിളംബരത്തെ അനുസ്മരിപ്പിച്ച് പെരുമ്പറ മുഴക്കി നകാരയും മാവേലി തമ്പുരാനും നയിച്ച ഘോഷയാത്രയുടെ പിന്നാലെയെത്തിയ സ്കൂൾ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ വീഥികളിൽ വർണങ്ങളുടെ മനോഹാരിത പകർന്നു.
പിന്നാലെയെത്തിയ തെയ്യം, പുലികളി സംഘങ്ങൾ, വിവിധങ്ങളായ കാവടികൾ, കൃഷ്ണനാട്ടം, ബൊമ്മലാട്ടം, കരകാട്ടം, പടയണി, ഗരുഡൻ പറവ, ചിന്ത് മേളം, കുമ്മാട്ടി, തെയ്യങ്ങൾ, മയിൽ നൃത്തം, പുരാണ കഥാപാത്രങ്ങൾ, പ്രച്ഛന്നവേഷ രൂപങ്ങൾ തുടങ്ങി നിരവധിയായ നാടൻ കലാരൂപങ്ങൾ അത്തം ഘോഷയാത്രയുടെ നാടൻ പ്രൗഢി വിളിച്ചോതി. അത്തം നഗറിൽനിന്ന് പുതിയ ബസ്സ്റ്റാൻഡ്, സ്റ്റാച്യൂ, കിഴക്കേക്കോട്ട, പഴയ ബസ്സ്റ്റാൻഡ് റോഡിന്റെ ഇരുവശവും വൻ ജനസഞ്ചയമാണു ഘോഷയാത്ര കാണാനായി തടിച്ചുകൂടിയത്.
സമകാലിക സംഭവങ്ങളും പുരാണങ്ങളും പ്രമേയമാക്കിയ നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയുടെ പകിട്ടേറ്റി. ആട് ജീവിതം, ആമയിഴഞ്ചാൻ തോട് ദുരന്തം, ചരിത്രത്തിലില്ലാതെ പോയ ആമചാടി തേവൻ, ഗവ.ആയുർവേദ കോളജ് വിദ്യാർഥികൾ അവതരിപ്പിച്ച ഡോക്ടറുടെ കൊലപാതകം, ജീസസ് യൂത്ത് എറണാകുളം അവതരിപ്പിച്ച ഫ്ളോട്ട്, കാഴ്ച പരിമിതനായ രാംകുമാർ അവതരിപ്പിച്ച നേത്രദാനം എന്നീ നിശ്ചലദൃശ്യങ്ങൾ ആകർഷകമായി.
ഘോഷയാത്ര സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി അത്തപ്പതാകയുയർത്തി. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയശേഷമായിരുന്നു ചടങ്ങ് ആരംഭിച്ചത്.
ഘോഷയാത്ര നഗരം ചുറ്റി അത്തംനഗറിൽ തിരിച്ചെത്തിയതോടെ സിയോൻ ഓഡിറ്റോറിയത്തിൽ പൂക്കള മത്സരങ്ങളുടെ പ്രദർശനം നടന്നു.
അത്തം നഗറിൽ വൈകുന്നേരം സംവിധായകൻ വിഷ്ണു മോഹൻ, നടി നിഖിലാ വിമൽ, നടൻ ഹക്കീം ഷാജഹാൻ, അനുമോഹൻ എന്നിവർ ചേർന്ന് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു.