പ്രതിയെയും പരാതിക്കാരിയെയും കൗണ്‍സലിംഗിനു വിട്ട് കോടതി
Thursday, August 15, 2024 1:25 AM IST
കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ പ്രതി രാഹുലിനെയും പരാതിക്കാരിയായ ഭാര്യയെയും കൗണ്‍സലിംഗിനു വിട്ട് ഹൈക്കോടതി.
ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹം പ്രതിയായ രാഹുല്‍ പി. ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി അറിയിച്ചു. ദമ്പതികളുടെ തീരുമാനം രേഖപ്പെടുത്തിയാണ് ഇരുവരെയും കൗണ്‍സലിംഗിനു വിധേയരാക്കാന്‍ നിര്‍ദേശിച്ചത്.
കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി കൗണ്‍സിലറുടെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഉത്തരവിട്ടു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി തീര്‍പ്പാക്കാമെന്നും അറിയിച്ചു. വിഷയം 21നു വീണ്ടും പരിഗണിക്കും.
പന്തീരാങ്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. ഒത്തുതീര്‍പ്പിനു തയാറായത് ഹര്‍ജിക്കാരന്റെ സമ്മര്‍ദത്തിലാണെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുക്കുമ്പോള്‍ ദമ്പതികള്‍ക്കു കൗണ്‍സലിംഗ് അനിവാര്യമാണ്. ഇന്നലെതന്നെ കൗണ്‍സലിംഗ് തുടങ്ങണമെന്നും ഏഴുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണം.
ജര്‍മനിയിലായിരുന്ന രാഹുല്‍ ഹൈക്കോടതി നടപടികളുടെ ഭാഗമായാണു തിരിച്ചെത്തിയത്. ഇയാളെ കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചെങ്കിലും കേരള പോലീസിന്റെ വിശദീകരണത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
ഇന്നലെ കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ, തനിക്ക് പരാതിയില്ലെന്നും ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. പിന്നീട് രാഹുലിനോട് ഭാര്യയെ ഉപദ്രവിച്ചിരുന്നേയെന്നു ചോദിച്ചു. ഉപദ്രവിച്ചിട്ടില്ലെന്ന മറുപടിയാണു നല്‍കിയത്. തുടർന്ന് സര്‍ക്കാര്‍ അഭിഭാഷകന് റിപ്പോര്‍ട്ട് കോടതിയില്‍ വായിച്ചു.
പരാതിക്കാരിയുടെ ശരീരത്തില്‍ മാരക മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും പരാതി കിട്ടിയതിനു ശേഷം രാഹുല്‍ മുങ്ങി എന്നും അഭിഭാഷകന് പറഞ്ഞു. പരാതിക്കാരിയുടെ ആക്ഷേപം ഗൗരവതരമാണെന്നും എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തിനു കേസ് തടസമാകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കൗണ്‍സലിംഗ് റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ അവരെ ഒരുമിച്ചു വിടുമെന്നും കോടതി വ്യക്തമാക്കി.