109 പഞ്ചായത്തുകൾകൂടി തീരമേഖല രണ്ടിൽ
Thursday, August 15, 2024 1:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കരട് തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിന് സമർപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തീരമേഖല (സിആർഇസഡ്) മൂന്നിൽനിന്നും സിആർസെഡ് രണ്ടിലേക്ക് തരം മാറ്റുന്നതിന് കേന്ദ്രത്തിലേക്ക് ശിപാർശ ചെയ്ത 175 നഗരസ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിൽ 66 പഞ്ചായത്തുകൾക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നു. ബാക്കി 109 പഞ്ചായത്തുകൾകൂടി സിആർഇസെഡ് രണ്ടിലേക്കു മാറ്റുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് തീരുമാനം.
2019ലെ കേന്ദ്ര തീരദേശ നിയന്ത്രണമേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതും സംസ്ഥാന തീരപരിപാലന അഥോറിറ്റി അംഗീകരിച്ചതുമാണ് കരടു രേഖ.
സിആർസെഡ് രണ്ട്
താരതമ്യേന നിയന്ത്രണങ്ങൾ കുറഞ്ഞ ഭാഗമാണ് സിആർസെഡ് രണ്ട്. 66 ഗ്രാമപഞ്ചായത്തുകളെ സിആർസെഡ് മൂന്നിൽനിന്നു രണ്ടിലേക്കു മാറ്റിയിരുന്നു.
അന്പലപ്പുഴ വടക്ക്, അന്പലപ്പുഴ തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ അറ്റോമിക് മിനറൽ ശേഖരം ഉള്ളതിനാൽ അത്തരം പ്രദേശങ്ങളിൽ സിആർസെഡ് മൂന്നിലെ വ്യവസ്ഥകൾ ബാധകമാണ്.
സിആർസെഡ് മൂന്ന്
2011 ലെ ജനസംഖ്യ സാന്ദ്രത അനുസരിച്ച് ഒരു ചതുരശ്ര കിലോമീറ്ററിൽ 2161 പേരോ അതിൽ കൂടുതലോ ഉള്ള വികസിത പ്രദേശങ്ങളെ മറ്റ് വികസന മാനദണ്ഡങ്ങൾകൂടി പരിഗണിച്ച് സിആർസെഡ് മൂന്ന് എ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങൾ സിആർസെഡ് മൂന്ന് ബി വിഭാഗത്തിലും വരും. സിആർസെഡ് മൂന്ന് എ പ്രകാരം കടലിന്റെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ വരെ വികസനരഹിത മേഖലയാണ്. നേരത്തേ ഇത് 200 മീറ്റർ വരെ ആയിരുന്നു.
സിആർസെഡ് മൂന്ന് ബി യിൽ കടലിന്റെ വേലിയേറ്റരേഖയിൽ നിന്ന് 200 മീറ്റർ വരെ വികസന രഹിത മേഖലയായി തുടരും. ഉൾനാടൻ ജലാശയങ്ങളുടെ (സിആർസെഡ് മൂന്ന് വിഭാഗത്തിലെ) വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്റർ വരെയായി കുറയും. മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ വികസനരഹിത മേഖലയായി കണക്കാക്കും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.
ദ്വീപുകൾ
ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് പ്ലാൻ തയാറാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ ദ്വീപുകളുടെ വികസനരഹിത മേഖല 50 മീറ്ററിൽനിന്ന് 20 മീറ്ററായി കുറയ്ക്കും. 1991നു മുന്പ് നിർമിച്ച ബണ്ടുകൾ, സ്ലൂയിസ് ഗേറ്റുകൾ നിലവിലുണ്ടെങ്കിൽ വേലിയേറ്റ രേഖ അവയുടെ ഗേറ്റുകളിൽ നിജപ്പെടുത്താം.
കണ്ടൽക്കാടുകൾ
2019 സിആർസെഡ് വിജ്ഞാപനപ്രകാരം 1000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള സർക്കാരിന്റെ ഉടമസ്ഥതയിലെ കണ്ടൽക്കാടുകൾക്കു ചുറ്റും മാത്രമാണ് 50 മീറ്റർ ബഫർ ഏരിയ അടയാളപ്പെടുത്തിയിട്ടുള്ളത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കണ്ടൽക്കാടുകൾക്കു ചുറ്റുമുള്ള ബഫർ ഏരിയ നീക്കം ചെയ്യുന്നതിന് ആവശ്യമായ മാറ്റം പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.