വയനാട് ദുരന്തം: കാണാതായവരുടെ ആശ്രിതർക്കും സഹായം വേഗത്തിലാക്കും
Thursday, August 15, 2024 1:25 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്കും സഹായം നൽകും. പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടെ കാര്യത്തിൽ പുറപ്പെടുവിച്ചതുപോലെ പോലീസ് നടപടി പൂർത്തിയാക്കി പട്ടിക തയാറാക്കി പ്രസിദ്ധികരിക്കുമെന്നും ഇത് അടിസ്ഥാനമാക്കി ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും രണ്ട് ശരീരഭാഗങ്ങളും ബന്ധുക്കൾക്ക് കൈമാറി.
തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറത്തിറക്കിയ പ്രത്യേക മാർഗനിർദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനയോടെ സംസ്കരിച്ചു.
ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നിലന്പൂർ കുന്പളപ്പാറ ഭാഗത്തുനിന്നു ഇന്നലെ അഞ്ച് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 415 സാന്പിളുകൾ ശേഖരിച്ചതിൽ 401 ഡിഎൻഎ പരിശോധന പൂർത്തിയായി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു.
52 ശരീര ഭാഗങ്ങൾ പൂർണമായി അഴുകിയ നിലയിലാണ്. ഡിഎൻഎ പരിശോധനയ്ക്ക് 115 പേരുടെ രക്തസാന്പിളുകൾ ശേഖരിച്ചു. ബിഹാർ സ്വദേശികളായ മൂന്നുപേരുടെ ബന്ധുക്കളുടെ രക്തസാന്പിളുകൾ ലഭ്യമാവാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.