മാതാപിതാക്കളെ ലക്ഷ്യംവച്ച് സൈബര്‍ തട്ടിപ്പ് ; മുന്നറിയിപ്പുമായി പോലീസ്
Wednesday, August 14, 2024 1:49 AM IST
കോഴിക്കോട്: സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ മാതാപിതാക്കളെ ലക്ഷ്യംവച്ച് ഓണ്‍ലൈന്‍ തട്ടിപ്പുസംഘം വലവിരിക്കുന്നതായി പോലീസ്.
മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റ്ചെയ്തെന്നും ചോദ്യംചെയ്യാനായി ഡല്‍ഹിക്കു കൊണ്ടുപോകുന്നുവെന്നും പറഞ്ഞാണു രക്ഷിതാക്കളില്‍നിന്നു പണം തട്ടുന്നത്. വാട്ട്സ്ആപ്പ് കോളിലാണു തട്ടിപ്പുകാര്‍ വിളിക്കുക.
വിവരമറിയുന്നതോടെ പരിഭ്രാന്തരാകുന്ന അച്ഛനമ്മമാര്‍ കുട്ടിയെ വിട്ടുകിട്ടാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോള്‍ വിട്ടുകിട്ടാന്‍ യുപിഐ ആപ് മുഖേന പണം നല്കാന് ആവശ്യപ്പെടും. 50,000 രൂപ മുതല്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നുണ്ടെന്നു പോലീസ് പറഞ്ഞു.
പണം ഓണ്‍ലൈനില്‍ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം മനസിലാകൂ. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പില്‍ അകപ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും പണം നഷ്ടമായാല്‍ ആദ്യത്തെ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരില്‍ അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പു നല്കുന്നു. സമീപകാലത്തായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.