അസാപ് കേരളയും ലയണ്‍സ് ഇന്റർനാഷണലുമായി തൊഴിൽ നൈപുണ്യ പരിശീലനങ്ങൾക്ക് ധാരണ
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: അസാപ് കേരളയും ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനയുമായ ലയണ്‍സ് ഇന്റർനാഷണലുമായി തൊഴിൽ നൈപുണ്യ പരിശീലനങ്ങൾക്ക് ധാരണയായി.
ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേംബറിൽ കൂടിയ യോഗത്തിലാണ് അസാപ് കേരള സിഎംഡി ഡോ. ഉഷാ ടൈറ്റസ്, ലയണ്‍സ് ക്ലബ് 318 എ ജില്ലാ ഗവർണർ എം.എ.വഹാബും ചേർന്ന് കരാർ ഒപ്പിട്ടത്.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി ആധുനിക രീതിയിലുള്ള തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ നൽകുവാൻ സർക്കാരിനു സാധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പുതിയ സംരംഭമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു അഭിപ്രായപ്പെട്ടു.
തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനാവശ്യമായ നൈപുണ്യവികസന പരിശീലനം നൽകുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അസാപ് കേരള.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി രോഗീപരിചരണം, കപ്പാസിറ്റി ബിൽഡിംഗ് എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനാണ് ലയണ്‍സ് ഇന്റർനാഷണലിന്റെ 318 എയുമായി ധാരണയിലെത്തിയത്.