മുണ്ടക്കൈയിൽ 350 വീടുകൾ അപ്രത്യക്ഷമായി
Thursday, August 1, 2024 2:30 AM IST
ചൂരൽമല: അതിതീവ്ര ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലെ നാനൂറോളം വീടുകളിൽ ഇപ്പോൾ അവശേഷിക്കുന്നത് 50 വീടുകൾ മാത്രം. ബാക്കിയുള്ള 350 വീടുകൾക്കും അവിടെ താമസിച്ചിരുന്നവർക്കും എന്തുപറ്റിയെന്ന ചോദ്യം അവശേഷിപ്പിക്കുന്നത് മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക.
മേപ്പാടി പഞ്ചായത്തിലെ രേഖകൾ പ്രകാരം മുണ്ടക്കൈ പ്രദേശത്ത് നാനൂറോളം വീടുകളുണ്ട്. അമ്പതോളം വീടുകളൊഴികെ മറ്റൊന്നും ഇവിടെ കാണാനില്ലെന്ന് ഈ മേഖലയിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു കുന്നിൻമുകളിൽ അഭയം തേടിയ ആളുകൾ ചൂണ്ടിക്കാട്ടുന്നു.
മുണ്ടക്കൈയിലെ താമസക്കാരിൽ ഭൂരിഭാഗവും എസ്റ്റേറ്റ് തൊഴിലാളികളായ സാധാരണക്കാരാണ്. മുണ്ടക്കൈയിൽ നാല് എസ്റ്റേറ്റ് പാടികളാണുണ്ടായിരുന്നത്. അതിനുള്ളിൽ ഏകദേശം 400 ആളുകൾ ഉണ്ടാകുമെന്നും രക്ഷപ്പെട്ട പ്രദേശവാസികൾ പറയുന്നു.
പ്രകൃതിരമണീയമായ ഈ മേഖലയിൽ നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളുമുണ്ട്. ഹോംസ്റ്റേകളിലുണ്ടായിരുന്നവരെയും കാണാതായിട്ടുണ്ട്. ചൂരൽമലയിലും മുണ്ടക്കൈയിലുമായി മണ്ണിനടിയിലായ വീടുകളിൽ നിരവധി പേർ മരിച്ചുകിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
മണ്ണും പാറക്കല്ലുകളും മൂടിയ വീടിന്റെ കോണ്ക്രീറ്റ് മേൽക്കൂര പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ പൂർണമാകണമെങ്കിൽ ചൂരൽമലയിലെ തകർന്ന പാലത്തിനു സമീപം താത്കാലിക പാലം നിർമിക്കണം. അതിനുള്ള ശ്രമങ്ങൾ സൈന്യം ഇന്നലെ വൈകുന്നേരം ആരംഭിച്ചു.
ഇന്നലെ രാവിലെ ഏറെനേരം പണിപ്പെട്ട് വീടിന്റെ കോണ്ക്രീറ്റ് ടെറസ് തകർത്താണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തെടുത്തത്.
ചൂരൽമലയിലെ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുള്ള എഴുപതോളം വീടുകളിലെ മുഴുവൻ ആളുകളെയും ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർ ദുരിതാശ്വാസ ക്യാമ്പുകളില്ലെത്തിയിട്ടില്ലെന്നാണു വിവരം.
മണ്ണിടിച്ചിലിൽ പെട്ടിരിക്കാമെന്നാണ് ബന്ധുക്കളുടെ ഭീതി. ചിലരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വീടുകൾ സ്ഥിതി ചെയ്തിരുന്ന പുഴയോടു ചേർന്നുള്ള സ്ഥലം ഉരുൾപൊട്ടലിൽ തകർന്നു തരിപ്പണമായി. വീടുകൾ സ്ഥിതി ചെയ്തിരുന്നതായുള്ള ഒരു ലക്ഷണം പോലും അവശേഷിപ്പിക്കാതെയാണ് മലവെള്ളപ്പാച്ചിൽ ഈ പ്രദേശത്തെ പൂർണമായും തുടച്ചുനീക്കിയത്.