ബെയ്ലി പാലവുമായി സൈന്യം
Thursday, August 1, 2024 2:30 AM IST
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയ്ലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യമെത്തി. ഡൽഹിയിൽനിന്ന് വ്യോമസേനയുടെ വിമാനങ്ങൾ ഇന്നലെ രാവിലെ 11.30ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്നലെ എത്തിയത്. ചൊവ്വാഴ്ച കണ്ണൂരിലെത്തിയ ആദ്യവിമാനത്തിൽനിന്ന് ഇറക്കിയ പാലം നിർമാണ സാമഗ്രികൾ രാത്രിയോടെതന്നെ 20 ട്രക്കുകളിലായി ചൂരൽമലയിലെത്തിച്ചിരുന്നു.
ഉച്ചകഴിഞ്ഞാണ് ഉപകരണങ്ങൾ ചൂരൽമലയിൽ എത്തിച്ചത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡിഎസ്സി)യിലെ ക്യാപ്റ്റൻ പുരൻ സിംഗ് നഥാവത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് പാലം നിർമാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിച്ചത്.
ചൂരൽമലയിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിർദേശിച്ചിരുന്നു.
പാലം നിർമാണത്തിനുള്ള സാമഗ്രികൾ എത്തിക്കേണ്ടതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പാലം നിർമാണം വൈകുന്നേരത്തോടെ ആരംഭിച്ചെങ്കിലും ഇന്നലെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നിർമാണം പൂർത്തിയാക്കാൻ സൈന്യം ഊർജിതമായ ശ്രമമാണ് നടത്തുന്നത്. നിർമാണം ഇന്നു പൂർത്തിയാക്കാനാകുമെന്ന് ചീഫ്സെക്രട്ടറി എം. വേണു പറഞ്ഞു.
എന്താണ് ബെയ്ലി പാലം?
മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താത്കാലിക സംവിധാനമാണ് ബെയ്ലി പാലം. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സിവിൽ എൻജിയറായിരുന്ന സർ ഡൊണാൾഡ് കോൾമാൻ ബെയ്ലി ആണ് ഇതു രൂപകൽപന ചെയ്തത്. "ബെയ്ലി പാലം ഇല്ലായിരുന്നെങ്കിൽ നമ്മൾ യുദ്ധം ജയിക്കുമായിരുന്നില്ല’ എന്നാണു ഫീൽഡ് മാർഷൽ മോണ്ട്ഗോമറി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രവർത്തനം
ഉരുക്കും തടിയുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. ഇന്റർലോക്ക് പാനലുകളും സപ്പോർട്ട് ഫ്രെയിമുകളും ഉൾക്കൊള്ളുന്നു. 60 മീറ്റർ വരെ നീളവും കനത്ത ഭാരം താങ്ങാനുള്ള ശേഷിയുമുണ്ട്. നദികൾ, താഴ് വരകൾ, മറ്റു തടസങ്ങൾ എന്നിവയ്ക്ക് മുകളിലൂടെ താത്കാലിക ഗതാഗതം സാധ്യമാക്കുന്നു.
കൗശലവും സഹിഷ്ണുതയും
ബെയ്ലി പാലം മനുഷ്യന്റെ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉജ്വലമായ ഒരു ഉദാഹരണമാണ്. അതിന്റെ വൈദഗ്ധ്യം, വിന്യാസത്തിലെ വേഗത, ഉറപ്പ് എന്നിവ പ്രതിസന്ധി ഘട്ടങ്ങളിൽ അത്യന്താ പേക്ഷിതമാണ്.
കേരളത്തിൽ
ശബരിമല സന്നിധാനത്തെയും വലിയ നടപ്പന്തലിലെയും തിരക്ക് നിയന്ത്രിക്കുന്നതിന് 2005ൽ ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനിയറിംഗ് വിഭാഗം ബെയ്ലി പാലം നിർമിക്കുകയുണ്ടായി. കൊട്ടാരക്കരയെ ഏനാത്തുമായി ബന്ധിപ്പിക്കാൻ കല്ലടയാറിനു കുറുകേ 2017 ഏപ്രിലിലും സൈന്യം ബെയ്ലി പാലം നിർമിച്ചു.
സർ ഡൊണാൾഡ്
കോൾമാൻ ബെയ്ലി
ജനനം: 15 സെപ്റ്റംബർ 1901
ബ്രിട്ടീഷ് സിവിൽ എൻജിനിയർ
മരണം: 05 മെയ് 1985