സ്കൂൾ മേള: കഴിഞ്ഞ വർഷം ചെലവായ തുക സർക്കാർ നല്‍കിയിട്ടില്ലെന്ന്
Thursday, July 25, 2024 1:44 AM IST
തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാന, ജില്ല തലങ്ങളിലെ വിവിധ സ്കൂൾമേളകൾ നടത്തിയ വകയിൽ അധ്യാപക സംഘടനകൾക്കുള്ള സാന്പത്തിക കുടിശിക ഇതുവരെ നൽകിയിട്ടില്ലെന്നു പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ.
മുൻ വർഷത്തെ കുടിശിക നല്കി തീർക്കാതെ ഈ വർഷത്തെ മേളകൾ നടത്തപ്പെടുന്നത് അപഹാസ്യമാണെന്ന് കെപിഎസ്ടി എ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.
ലക്ഷക്കണക്കിനു രൂപയുടെ സാന്പത്തികബാധ്യതയാണ് മേളകൾ നടത്തിയ വകയിൽ ഓരോ കമ്മിറ്റികൾ ഏറ്റെടുത്തവർക്കുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ ക്കുറിച്ച് അധ്യാപകസംഘടനകളുമായി ചർച്ച നടത്താനോ പരിഹാരം കാണാനോ സർക്കാർ താത്പര്യം കാണിക്കാതെ നിഷേധാത്മക നിലപാടുകളുമായി പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ്.
എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് പൊതുവിദ്യാഭ്യാസ മേഖലയുടെ ശക്തികരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെപിഎസ്ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.