റെയ്ഡ്കോ ഓണക്കിറ്റ് വിതരണോദ്ഘാടനം നാളെ
Thursday, July 25, 2024 1:44 AM IST
കണ്ണൂർ: റെയ്ഡ്കോ കേരള ലിമിറ്റഡിന്റെ സബ്സിഡിയോടുകൂടിയ ഓണക്കിറ്റ് വിതരണപദ്ധതി നാളെ വൈകുന്നേരം മൂന്നിന് കേരള ബാങ്ക് ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 1000 രൂപ വില വരുന്ന 22 നിത്യോപയോഗ സാധനങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റാണ് റെയ്ഡ്കോ വിപിണിയിലെത്തിക്കുന്നതെന്ന് റെയ്ഡ്കോ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഓണക്കിറ്റ് വാങ്ങുന്നവർക്ക് കിറ്റിലുളള കൂപ്പണിലൂടെ ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വർണനാണയം, എൽഇഡി ടിവി, ഫ്രിഡ്ജ്, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, 25 പേർക്ക് റെയ്ഡ്കോ ഭക്ഷ്യക്കിറ്റ് എന്നിവയാണ് സമ്മാനങ്ങൾ. ഇതോടെപ്പം10000 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിക്കുന്ന രീതിയിൽ ഭക്ഷ്യോത്പന്നങ്ങളുടെ വിതരണത്തിനുള്ള പദ്ധതിയും റെയ്ഡ്കോ ആവിഷ്കരിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ വീടുകളിലും റെയ്ഡ്കോ ഉത്പന്നങ്ങൾ എത്തിക്കുമെന്നും ഒരു വ്യക്തിക്ക് 1000 രൂപയെങ്കിലും വരുമാനമുണ്ടാക്കാൻ ഇതുവഴി കഴിയുമെന്നും റെയ്ഡ്കോ അധികൃതർ പറഞ്ഞു.
പത്രസമ്മേളനത്തിൽ റെയ്ഡ്കോ ചെയർമാൻ എം. സുരേന്ദ്രൻ, റെയ്ഡ്കോ സിഇഒ വി. രതീശൻ, എം. ചന്ദ്രൻ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ സി.എച്ച്. വിനീഷ്, മിന്നുഷ് ആർ. രമേഷ് എന്നിവർ പങ്കെടുത്തു.