പുഴയിൽ ചാടിയത് കവർച്ചാസംഘമെന്നു പോലീസ്
Tuesday, July 23, 2024 1:36 AM IST
ചാലക്കുടി: ട്രെയിൻ വരുന്നതുകണ്ട് റെയിൽവേ മേൽപ്പാലത്തിൽനിന്നു പുഴയിലേക്കു ചാടിയവർ കവർച്ചക്കാരെന്നു പോലീസ്. ഇവർ നീന്തിക്കയറി ഓട്ടോയിൽ രക്ഷപ്പെട്ടതായും പോലീസിനു വിവരം ലഭിച്ചു.
ഇന്നലെ പുലർച്ചെ മുതലാണു ചാലക്കുടിയിൽ നാടകീയസംഭവങ്ങൾ അരങ്ങേറിയത്. പുലർച്ചെ ഒരുമണിയോടെ നാലു പേർ പാലത്തിൽനിന്നു പുഴയിൽ ചാടിയെന്നു ലോക്കോ പൈലറ്റ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തു പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഫയർഫോഴ്സും പുഴയിൽ തെരച്ചിൽ നടത്തി. സംഭവം ചാലക്കുടിയിൽ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ്, വസ്ത്രങ്ങൾ നനഞ്ഞനിലയിൽ നാലു പേർ മുരിങ്ങൂരിൽ വന്ന് ഓട്ടോ വിളിച്ച് കൊരട്ടിയിൽ ചെന്നിറങ്ങിയതായി വിവരം ലഭിച്ചത്. ഇവരിൽ ഒരാളുടെ ദേഹത്തു പരിക്കുണ്ടായിരുന്നതായി ഓട്ടോഡ്രൈവർ പോലീസിനെ അറിയിച്ചു. അന്വേഷണത്തിൽ ഇവർ അങ്കമാലിയിലേക്കു പോയതായി വിവരം ലഭിച്ചു. അങ്കമാലിയിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽവച്ച് സ്വർണം നൽകാമെന്നുപറഞ്ഞ് കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ച് നാലുലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ചുകൊണ്ട് റെയിൽവേ പാലത്തിലൂടെ തട്ടിപ്പുസംഘം ഓടുമ്പോഴാണ് അതുവഴി ചെന്നൈ - തിരുവനന്തപുരം ട്രെയിൻ വന്നത്. അതോടെ നാലുപേരും പുഴയിലേക്കു ചാടുകയായിരുന്നു. ഒരാളുടെമേൽ ട്രെയിൻ തട്ടുകയും ചെയ്തു. ആസാം സ്വദേശികളാണു തട്ടിപ്പു നടത്തി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽപ്പെട്ടത്.
നേരത്തേ പറഞ്ഞുറപ്പിച്ച ഇടപാടനുസരിച്ച് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെത്തി സ്വർണമാണെന്നുപറഞ്ഞ് വ്യാജസ്വർണം കൈമാറി.
രണ്ടു പേർ ചേർന്ന് സ്വർണം ഉരച്ചുനോക്കുന്നതിനിടെയാണു കോഴിക്കോട് സ്വദേശിയുടെ പക്കലുണ്ടായിരുന്ന നാലുലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ചുകൊണ്ട് ഓടിയത്. പണം നഷ്ടപ്പെട്ടവർ പോലീസിൽ പരാതിയുമായി എത്തിയപ്പോഴാണ്, ട്രെയിൻ വന്നപ്പോൾ പുഴയിൽ ചാടിയവർ കവർച്ചക്കാരാണെന്ന സംശയമുയർന്നത്.