കമ്പത്ത് മൂന്നംഗ മലയാളി കുടുംബം കാറിനുള്ളില്‍ മരിച്ച നിലയില്‍
Friday, May 17, 2024 2:06 AM IST
കോട്ടയം/ കമ്പം: പുതുപ്പള്ളി സ്വദേശികളായ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ കണ്ടെത്തി. വാകത്താനത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുതുപ്പറമ്പില്‍ ജോര്‍ജ് പി. സ്കറിയ (60), ഭാര്യ മേഴ്സി (58), മകന് അഖില്‍ എസ്. ജോര്‍ജ് (29) എന്നിവരാണ് മരിച്ചത്.
വസ്ത്രവ്യാപാരത്തിലുണ്ടായ കടബാധ്യതയെത്തുടര്‍ന്ന് ഇവര്‍ ജീവനൊടുക്കിയതാണെന്ന് പറയുന്നു. കമ്പം-കമ്പംമെട്ട് റോഡില്‍ അടിവാരത്തിനു സമീപം പുളിമരത്തോട്ടത്തിലാണ് ഇന്നലെ രാവിലെ തൊഴിലാളികള്‍ ഹ്യൂന്‍ഡായി ഐ 10 കാര്‍ കണ്ടെത്തിയത്. മൂന്നു പേരും വിഷം ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു.
ഡ്രൈവിംഗ് സീറ്റിലും മുന്‍ സീറ്റിലുമായിരുന്നു ജോര്‍ജിന്റെയും അഖിലിന്റെയും മൃതദേഹങ്ങള്‍. മേഴ്സിയുടെ മൃതദേഹം പിന്‍സീറ്റില്‍ വിന്‍ഡോ ഗ്ലാസില്‍ മുഖം ചേര്‍ത്തുവച്ച നിലയിലായിരുന്നു.
കോട്ടയം രജിസ്ട്രേഷന് (കെഎല്‍ 05 എയു 9199) വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. തമിഴ്നാട് പോലീസ് ഫൊറന്‍സിക് സംഘം കാര്‍ തുറന്ന് പരിശോധിച്ചു. അകത്തുനിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. കാറിനു സമീപം ഭക്ഷണ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കമ്പം പോലീസ് മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
ജോര്‍ജും കുടുംബവും തോട്ടയ്ക്കാട് കാഞ്ഞിരത്തുംമൂട്ടിലായിരുന്നു താമസം. വ്യാപാരം തകര്‍ന്ന് സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് വാടകവീട്ടിലേക്ക് മാറിയിരുന്നു. ഈ വീട് മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ വാകത്താനം പോലീസില്‍ പരാതി നല്‍കിയിരുന്നു.