മാസപ്പടിയിൽ ഹൈക്കോടതി; ഇഡി അന്വേഷണത്തില്‍ ഇടപെടാനാകില്ല
Saturday, April 13, 2024 1:52 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നു ഹൈക്കോടതി.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെതിരേ സിഎംആര്‍എല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്ത്തയടക്കമുള്ളവര് നല്കിയ ഹര്‍ജിയാണു ജസ്റ്റീസ് ടി.ആര്. രവി പരിഗണിച്ചത്.
കേസ് ഇഡിക്ക് അന്വേഷിക്കാനാകില്ലെന്നാണു ഹര്‍ജിയിലെ പ്രധാന വാദം. എന്നാല്‍, ഇക്കാര്യത്തില്‍ വിശദമായ വാദം വേണമെന്നും മറുപടി സത്യവാങ്മൂലം നല്കാന് സമയം വേണമെന്നും ഇഡി അഭിഭാഷകന് വാദിച്ചു.
ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യാനായി ഹാജരായാല്‍ അറസ്റ്റ് ചെയ്യില്ലെന്നും വിശദീകരിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. അന്വേഷണത്തില്‍ ഇടപെടില്ലെന്നും അന്വേഷണം നടക്കട്ടേയെന്നും കോടതി പറഞ്ഞു.
വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചവര്‍ക്ക് തിങ്കളാഴ്ച ഹാജരാകാമെന്നും വ്യക്തമാക്കി. മറ്റുള്ളവര്‍ നോട്ടീസില്‍ പറയുന്ന തീയതികളില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു.