മാസപ്പടി വിവാദം; കര്‍ത്തയെ ചോദ്യം ചെയ്യും
Friday, April 12, 2024 2:08 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനി (സിഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ സി.എന്‍. ശശിധരന് കര്‍ത്തയെ ഇഡി ചോദ്യംചെയ്യും.
തിങ്കളാഴ്ച രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നു കാണിച്ച് ശശിധരന് കര്‍ത്തയ്ക്ക് ഇഡി നോട്ടീസ് നല്കി. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണു അന്വേഷണം ശശിധരന് കര്‍ത്തയിലേക്ക് എത്തുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന ആരോപണമാണ് സിഎംആര്‍എല്ലിനെ ഇഡിയുടെ നിരീക്ഷണത്തിലാക്കിയത്. ആദായനികുതി വകുപ്പിന്റെ ഇടക്കാല സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലൂടെയാണ് ഇരുകമ്പനികളും തമ്മിലുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നത്.
സംഭവത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണം നടന്നുവരികയാണ്. ഇതിനു പിന്നാലെ കഴിഞ്ഞ 27നാണ് ഇഡി കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്.
ഇരുകമ്പനികളും തമ്മിലുള്ള സേവനക്കരാറിന്റെ മറവില്‍ നടന്നതു കള്ളപ്പണം വെളുപ്പിക്കലാണെന്ന കണ്ടെത്തലിലാണ് ഇഡി. എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മില്‍ നടന്ന 1.72 കോടി രൂപയുടെ ഇടപാടില്‍ വ്യക്തത തേടുന്നതിനൊപ്പം സിഎംആര്‍എല്ലിന്റെ സാമ്പത്തിക കാര്യങ്ങളും ഇഡി പരിശോധിച്ചേക്കും.
സിഎംആര്‍എല്‍ 2013-14 മുതല്‍ 2019-20 സാമ്പത്തികവര്‍ഷം വരെയുള്ള കാലയളവില്‍ 135 കോടിയുടെ സ്വത്ത് സമ്പാദിച്ചതു വെളിപ്പെടുത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടത്തിയിരുന്നു. ഇതില്‍ 95 കോടി രൂപ രാഷ്ട്രീയപാര്‍ട്ടികളടക്കം ചില വ്യക്തികൾക്കു കൈമാറിയതായാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച വിശദീകരണവും ഇഡി തേടും. സിഎംആര്‍എല്‍ പ്രതിനിധികളില്‍നിന്ന് മൊഴി രേഖപ്പെടുത്തിയശേഷം എക്സാലോജിക്കിലേക്കും അന്വേഷണം നീളും.
ഫിനാന്‍സ് ചുമതലയുള്ള ഉദ്യോഗസ്ഥന് ഹാജരായില്ല
മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥന് ഇഡിയുടെ ചോദ്യംചെയ്യലിനു ഹാജരായില്ല. ഫിനാന്‍സ് ചുമതലയുള്ള ഉദ്യോഗസ്ഥനോട് രേഖകളുമായി ഇന്നലെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ മറുപടിയും സിഎംആര്‍എല്‍ നല്‍കിയില്ല.
എന്നാല്‍, അഭിഭാഷകന് മുഖേന കാര്യങ്ങള്‍ ഇഡിയെ അറിയിക്കാനാണു നിലവില്‍ സിഎംആര്‍എൽ നീക്കം. അതേസമയം കേസുമായി ബന്ധപ്പെട്ട് സിഎംഎല്എല്ലിന്റെ കൂടുതല്‍ ഉദ്യോഗസ്ഥരെ ഇഡി വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.