റോഡ് സുരക്ഷയ്ക്കു പ്രത്യേക സംവിധാനവുമായി വിദ്യാർഥികൾ
Sunday, December 3, 2023 1:27 AM IST
തിരുവനന്തപുരം: സുരക്ഷിതമായ റോഡ് യാത്രയ്ക്ക് പ്രത്യേക സംവിധാനവുമായി വിദ്യാർഥികളുടെ ഡൈനാമിക് സ്പീഡ് ഗവേർണൻസ് ആൻഡ് സെക്യൂരിറ്റി സിസ്റ്റം.
എച്ച്എസ്എസ് വിഭാഗം ശാസ്ത്രോത്സവത്തിലാണ് തിരുവനന്തപുരം കല്ലന്പലം കെടിസിടി എച്ച്എസ്എസ് വിദ്യാർഥികളായ എസ്. ധ്യാനും അമൽ ഫാത്തിമയും തങ്ങളുടെ പുതിയ കണ്ടെത്തലുമായി ശാസ്ത്രമേളയിലെത്തിയത്.
സ്കൂൾ സോണിലും ആശുപത്രി സോണിലുമൊക്കെ വാഹനത്തിന്റെ വേഗം എത്രയാണെന്നു കൃത്യമായി ക്രമപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ഇവർ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. സെൻസർ അനുവദനീയ വേഗം തിരിച്ചറിഞ്ഞ് ഡ്രൈവർക്ക് സിഗ്നൽ നൽകും.
ഇതിനു പുറമേ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കാനുള്ള ആൽക്കഹോൾ സെൻസർ, രാത്രി യാത്രയിൽ ഹൈ ബീം ലൈറ്റ് മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ, വാഹനത്തിൽ തീപിടിത്തമുണ്ടായാൽ അലാറം മുഴങ്ങുന്ന സംവിധാനം തുടങ്ങിയവയെല്ലാം ഇതിൽ ക്രമീകരിച്ചിരിക്കുന്നു.
വാഹനങ്ങളുടെ അമിതവേഗവും അലക്ഷ്യമായ ഡ്രൈവിംഗും മൂലം അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് വാഹനങ്ങളിൽ വേഗനിയന്ത്രണ സംവിധാനമെന്ന ആശയം തങ്ങൾ വികസിപ്പിച്ചെടുത്തതെന്ന് ഇവർ പറയുന്നു.