ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി
Saturday, December 2, 2023 1:09 AM IST
എടത്വ: രോഗവും സാമ്പത്തിക പ്രതിസന്ധിയും തളര്‍ത്തിയതോടെ പിഞ്ചുകുട്ടികളെ കൊന്ന് ദമ്പതികള്‍ ജീവനൊടുക്കി. തലവടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചക്കുളം മൂലേപ്പറമ്പീട്ടില് സുനു(36), ഭാര്യ സൗമ്യ(31) ഇരട്ടകുട്ടികളായ ആദി, ആദില്‍ (മൂന്നര) എന്നിവരുടെ മൃതദേഹമാണ് കിടപ്പ് മുറിയില്‍ കണ്ടെത്തിയത്.
കുടുംബ വീടിന് സമീപം സുനു സ്വന്തമായി നിര്‍മ്മിച്ച വീട്ടിലാണ് മ്യതദേഹങ്ങള്‍ കണ്ടത്. ഇന്നലെ രാവിലെ സുനുവിന്റെ മാതാവ് ചാരിയിട്ട മുന്‍വാതിലിലൂടെ വീടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ കട്ടിലില്‍ പുതപ്പു കൊണ്ട് മൂടിയ നിലയില്‍ കുട്ടികള്‍ കിടക്കുന്നതായി കണ്ടു.
കുട്ടികള്‍ ഉറക്കമുണര്‍ന്നില്ലെന്ന് കരുതി കട്ടിലിന് അടുത്ത് എത്തിയെങ്കിലും അലമാരയുടെ മറവിലെ റൂഫിന്റെ ഹുക്കില്‍ ഒറ്റകയറില്‍ സുനുവിന്റെയും സൗമ്യയുടെയും മൃതദേഹം തൂങ്ങിനില്‍ക്കുകയായിരുന്നു.
ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് കുട്ടികളുടെ ജന്മദിനാഘോഷത്തിനും അവധി ചെലവഴിക്കുന്നതിനുമായി നാട്ടിലെത്തിയത്. വീണ്ടും ജോലിക്കായി കുവൈറ്റിലേക്ക് പോകാനായി മെഡിക്കല്‍ ചെക്കപ്പ് നടത്തിയപ്പോഴാണ് കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്.
വിദേശത്ത് ജോലി ചെയ്തു വരുകയായിരുന്ന സുനു രണ്ടു വര്‍ഷം മുന്‍പ് നട്ടെല്ലില്‍ ഒരു ഓപ്പറേഷന് ആവശ്യമായി വന്നതിനെ തുടര്‍ന്ന് നാട്ടിലെത്തി വിശ്രമത്തിലായിരുന്നു. സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് വീടിനു സമീപം വെല്‍ഡിങ് ജോലികള്‍ ചെയ്തുവരികയായിരുന്നു.
സുനു നാട്ടിലെത്തിയതോടെ ഭാര്യ സൗമ്യ കുവൈറ്റില്‍ ജോലി തേടിയെത്തി. രണ്ടുവര്‍ഷം മുന്‍പാണ് ബാങ്ക് ലോണും മറ്റു സ്വരുക്കൂട്ടിയ പണവും ഉപയോഗിച്ച് പുതിയ വീട് നിര്‍മിച്ചത്. എന്നാല്‍ രോഗം വില്ലനായി എത്തിയതോടെ കുടുബം ആകെ പ്രതിസന്ധിയിലാവുകയായിരുന്നു.
ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കുട്ടികളാണ് ഇരട്ടകളായ ആദിയും ആദിലും. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് കുടുംബവീട്ടില്‍.