ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച യുവതിയടക്കം മൂന്നു പേര് അറസ്റ്റില്‍
Wednesday, October 4, 2023 12:31 AM IST
കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ വച്ച് ഡോക്ടറെ വടിവാള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍.
എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ .മുഹമദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ എന്‍. പി. ഗൗരീശങ്കരത്തില്‍ ഷിജിന്‍ദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരെയാണ് ടൗണ്‍ ഇന്‍സ്പെക്ടര്‍ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും കോഴിക്കോട് ആന്റിനാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
തലേ ദിവസം ഇവര്‍ ഡോക്ടറുമായി പരിചയപ്പെടുകയും ഡോക്ടറുടെ റൂം മനസ്സിലാക്കുകയും ചെയ്തിരുന്നു. പുലര്‍ച്ചെ ആയുധവുമായി ഇവര്‍ ഡോക്ടറുടെ റൂമില്‍ എത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
തന്റെ കൈയില്‍ പണമില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍, ബാങ്ക് അകൗണ്ടില്‍ നിന്ന് ഗൂഗിള്‍പേ വഴി 2500 രൂപ അയപ്പിച്ചു. അനു ആറുമാസമായി അനസിന്റെ കൂടെ കൂടിയിട്ട്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണ്.
മയക്കുമരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനാണ് ഇവര്‍ കവര്‍ച്ച ചെയ്തത്. പോലീസ് പിടികൂടാതിരിക്കാന്‍ അനസും അനുവും ഡല്‍ഹിയിലേക്കു പോകാന്‍ പ്ലാന്‍ ചെയ്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇവര്‍ പോലീസ് വലയിലായത്. ഇവര്‍ ഉപയോഗിച്ച ബൈക്കുകളും മൊബൈല്‍ ഫോണുകളും വടിവാളും പോലീസ് കണ്ടെടുത്തു.
ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, എഎസ്ഐ കെ. അബ്ദുറഹ്മാന്, കെ. അഖിലേഷ്, അനീഷ് മൂസേന്‍വീട്, സുനോജ് കാരയില്‍, അര്ജുന് അജിത്ത്, ടൗണ്‍ സ്റ്റേഷനിലെ എസ്ഐ മാരായ സിയാദ്, അനില്‍കുമാര്‍, എഎസ്ഐ ഷിജു, രജിത്ത് ഗിരീഷ്, ഷിബു പ്രവീണ്‍, അഭിലാഷ് രമേശന് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.