ഇടുക്കിയിൽ ജലനിരപ്പ് 2339.68 അടിയായി
Sunday, October 1, 2023 1:33 AM IST
തൊടുപുഴ: മഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2339.68 അടിയാണ്. സംഭരണശേഷിയുടെ 37 ശതമാനമാണിത്.
കഴിഞ്ഞ വർഷം ഇതേ ദിവസം 2385.04 അടിയായിരുന്നു ജലനിരപ്പ്, സംഭരണശേഷിയുടെ 79 ശതമാനം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ അപേക്ഷിച്ച് 45.36 അടിവെള്ളം നിലവിൽ കുറവാണ്.
വൈദ്യുതിവകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 49 ശതമാനം വെള്ളമുണ്ട്. മുൻ വർഷം ഇതേ ദിവസം 81 ശതമാനം വെള്ളമുണ്ടായിരുന്നു.
ഇന്നലെ ജില്ലയിലെന്പാടും സാമാന്യംഭേദപ്പെട്ട മഴ ലഭിച്ചു. കാലവർഷം ആരംഭിച്ചതിനുശേഷം ആദ്യമായാണ് കൂടിയ മഴ ലഭിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് പീരുമേട്ടിലാണ്- 81 മില്ലിമീറ്റർ.
പദ്ധതി പ്രദേശത്ത് 9.06 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 34 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കുറവ് മഴ പെയ്ത ജില്ലകളാണ് വയനാടും ഇടുക്കിയും.