ബൈക്കിനെച്ചൊല്ലി തർക്കം: അനുജൻ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി
Saturday, September 30, 2023 1:28 AM IST
ആലുവ: വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അനുജൻ ജ്യേഷ്ഠനെ വെടിവച്ചു കൊലപ്പെടുത്തി. എടയപ്പുറം സബ് കനാൽ റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ പോൾസനാണു (48) കൊല്ലപ്പെട്ടത്.
ഹൈക്കോടതി സെക്ഷൻ ഓഫീസർ കൂടിയായ അനുജൻ തോമസിനെ ആലുവ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.
ബെഡ് റൂമിൽ അതിക്രമിച്ചു കയറി എയർഗണ്ണുകൊണ്ട് പോൾസനുനേരേ തോമസ് വെടിയുതിർക്കുകയായിരുന്നു. പിതാവ് ജോസഫ് ഉപയോഗിക്കുന്ന തോക്കാണിത്. വയറിൽ വെടിയേറ്റ പോൾസനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച രാത്രി 11ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലി ഇരുവരും തമ്മിൽ വ്യാഴാഴ്ച തർക്കം ഉടലെടുത്തിരുന്നു. ബൈക്കിന്റെ പിൻ സീറ്റ് ഇളക്കിക്കളഞ്ഞതായി തോമസ് വ്യാഴാഴ്ച രാവിലെ ആലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതി കൊടുത്തതിന്റെ പേരിലാണ് വ്യാഴാഴ്ച രാത്രി വീണ്ടും വാക്കേറ്റമുണ്ടായതും കൊലപാതകത്തിൽ കലാശിച്ചതും. തോമസ് തന്നെയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. ഇലക്ട്രീഷനായ പോൾസൺ കാന്‍സര്‍ രോഗിയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാതെയാണ് സംസ്കാരം നടത്തിയത്. പ്രതിയുമായി പോലീസ് സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.