മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കരുത്: ഗവർണറോട് പ്രതിപക്ഷനേതാവ്
Saturday, September 30, 2023 1:08 AM IST
തിരുവനന്തപുരം: ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് എസ്. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കണമെന്ന സർക്കാർ ശിപാർശ അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു കത്തു നൽകി.
പക്ഷപാതരഹിതമായി പ്രവർത്തിക്കാൻ എസ്. മണികുമാറിനു കഴിയുമോയെന്ന ആശങ്കയും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ തെരഞ്ഞെടുക്കുന്ന സമതിയിലും എസ്. മണികുമാറിനെ നിയമിക്കുന്നതിലെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവിന്റെ കത്തിൽ പറയുന്നു.
മാനദണ്ഡങ്ങൾക്കു വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണു സമിതി യോഗത്തിൽ സർക്കാർ നിർദേശിച്ചത്. ഏകപക്ഷീയമായി ഒരു പേര് അടിച്ചേൽപ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.